വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. കാലം കരുതി വച്ച കര്‍മയോഗിയായ പിണറായി വിജയനാണ് ഈ തുറമുഖത്തിന്റെ ശില്‍പിയെന്നും ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്നും വാസവന്‍ പറഞ്ഞു.
നാടിനെ സംബന്ധിച്ചിടത്തോളം തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന ചരിത്രനിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നതെന്ന് വാസവന്‍ പറഞ്ഞു. ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കേരളത്തെ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ എത്തിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍. ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഈ പൂര്‍ണതയിലേക്ക് എത്താന്‍ ഇടവന്നത്. നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ലെന്ന് പറഞ്ഞിടത്ത് എല്ലാം സാധ്യമാകും എന്ന അര്‍ഥത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ഓഖി, കോവിഡ്, പ്രതിഷേധങ്ങള്‍ തുടങ്ങി തുടക്കത്തില്‍ ഉണ്ടായിരുന്ന എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് ജൂലൈയില്‍ ട്രയല്‍ റണ്‍ ചെയ്യാന്‍ കഴിഞ്ഞത് ഇതിനകം 285 ഷിപ്പുകള്‍ ഇവിടെത്തിയെന്നും വാസവന്‍ പറഞ്ഞു.
മൂന്ന് മിനിറ്റ് മാത്രമാണ് വിഎന്‍ വാസവന് പ്രസംഗിക്കാന്‍ അനുവദിച്ചിരുന്ന സമയം. ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച് മിനിറ്റ് നേരം സംസാരിച്ചു. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എഎ റഹിം, എം വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ വേദിയില്‍ ഇടം പിടിച്ചു.