വിഴിഞ്ഞം ഉദ്ഘാടനം: കോണ്‍ഗ്രസ്സും സിപിഐഎമ്മും എന്റെ അച്ഛന്റെ പേര് മറന്നുവെന്ന് പത്മജ

0

കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ കോണ്‍ഗ്രസും സിപിഐഎമ്മും രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി കെ കരുണാകരനെ മനഃപൂര്‍വ്വം മറക്കുന്നുവെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പത്മജ ഇക്കാര്യം പറഞ്ഞത്.

ഓര്‍മ്മകള്‍ക്ക് ഒരു 30 വര്‍ഷത്തെ പഴക്കം ഉണ്ട്. കൃത്യമായി പറഞ്ഞാല്‍ 1991 -1995 കരുണാകരന്‍ മന്ത്രിസഭാ കാലഘട്ടം. ആ സമയം ആണ് വിഴിഞ്ഞത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിഴിഞ്ഞം വികസിപ്പിക്കാനും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരന്‍ തീരുമാനിയ്ക്കുന്നത്. അന്ന് തുറമുഖ മന്ത്രി ആയിരുന്നത് ശ്രീ എം വി രാഘവന്‍ ആയിരുന്നു. ഇരുവരും ചേര്‍ന്ന് അതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.

ഈ പദ്ധതിയെ ആവിഷ്‌കരിച്ച മനുഷ്യനെ മനഃപൂര്‍വം മറന്ന് കൊണ്ടാണ് ഈ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഉള്ളവര്‍ സംസാരിയ്ക്കുന്നത് . മാത്രമല്ല ഈ പദ്ധതിയെ മരവിപ്പിച്ച് നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വഹിച്ച പങ്ക് മറന്ന് കൊണ്ടാണോ ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഈ അവകാശവാദം ഉന്നയിയ്ക്കുന്നത്.

ഇന്ന് അഭിമാനത്തോടെ കോണ്‍ഗ്രസ് ക്രെഡിറ്റ് അടിച്ച് കൊണ്ടിരിയ്ക്കുന്ന കൊച്ചി വിമാനത്താവളത്തിന്റെ കാര്യത്തിലും കെ കരുണാകരന്‍ മാത്രമാണ് അന്ന് മുന്നില്‍ നിന്നത് . മറ്റാരും ആ പദ്ധതിയുടെ കാര്യത്തിലും അദ്ദേഹത്തിനൊപ്പം നിന്നിരുന്നില്ല എന്നത് എനിയ്ക്ക് വ്യക്തിപരമായി അറിയുന്ന കാര്യമാണ്.

കെ കരുണാകരന്‍ ആവിഷ്‌കരിയ്ക്കുന്ന ,വിഭാവനം ചെയ്യുന്ന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കാന്‍ ശ്രമിച്ചവര്‍ പിന്നീട് അതിന്റെ ക്രെഡിറ്റ് അടിച്ച് മാറ്റാന്‍ ശ്രമിയ്ക്കുമ്പോള്‍ സ്വയം ഒന്ന് വിലയിരുത്തുന്നത് നന്നാകും. ഇപ്പോള്‍ ആര്‍ജവം ഉള്ള ഒരു കേന്ദ്ര ഭരണകൂടം വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കുമ്പോള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നത് ഈ പദ്ധതിയെ കുറിച്ച് സ്വപ്നം കണ്ട ലീഡറെ മാത്രം ആണെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here