National

ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം; തമിഴ്‌നാട്ടിലെ പ്രധാന പാര്‍ട്ടിയാകുമെന്ന് വിജയ്

തമിഴ് സൂപ്പര്‍താരം വിജയ് യുടെ തമിഴക വെറ്റ്‌റി കഴകം പാര്‍ട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. പാര്‍ട്ടിടെ ആദ്യ സംസ്ഥാന സമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ ഈ മാസം 23 ന് ആരംഭിക്കാനിരിക്കെയാണ് വിജയിന്റെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി രണ്ടിനാണ് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമര്‍പ്പിക്കുന്നത്.

നിയമപരമായ കൂടിയാലോചനകള്‍ക്കും പരിശോധനകള്‍ക്കും ഒടുവില്‍ തമിഴക വെറ്റ്‌റി കഴകത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന അംഗീകാരം നല്‍കിയിരിക്കുന്നു. ഇനി പാര്‍ട്ടി തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക്. ആദ്യ വാതില്‍ തുറന്നു. എല്ലാവരും സമന്മാരെന്ന തത്വത്തില്‍ മുന്നോട്ട് പോകും. എല്ലാ പ്രതിബന്ധങ്ങളും തകര്‍ത്ത് തമിഴ്‌നാട്ടിലെ പ്രധാന പാര്‍ട്ടിയായി തമിഴക വെറ്റ്‌റി കഴകം മാറുമെന്നും വിജയ് അഭിപ്രായപ്പെട്ടു.

വിജയ് യുടെ പ്രസ്താവനയ്ക്ക് പിന്നാലെ ആരാധകര്‍ മധുരം നല്‍കി രാഷ്ട്രീയ പാര്‍ട്ടി അംഗീകാരം ആഘോഷിച്ചു. വില്ലുപുരത്ത് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ആദ്യ സംസ്ഥാന സമ്മേളനത്തിനും പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാന സമ്മേളനത്തില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് ടിവികെ നേതാക്കളുടെ അവകാശവാദം. അതിനിടെ ടിവികെ സമ്മേളനത്തിന് ആശംസ അറിയിച്ച് ഡിഎംകെ സഖ്യത്തിലുള്ള വിസികെ പാര്‍ട്ടി നേതാവ് തിരുമാളവന്‍ എംപി രംഗത്ത് വന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button