
സംസ്ഥാനത്തെ വനം വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ സര്‍ക്കാര്‍ ഫണ്ടുകളുടെ ദുരുപയോഗം നടന്നുവെന്ന പരാതിയില്‍ വിജിലന്‍സ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ വനരക്ഷ എന്ന പേരില്‍ സംസ്ഥാനത്തെ 71 ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലാണ് പരിശോധന നടത്തിയത്.
റോഡ് നിര്‍മാണം, ട്രൈബല്‍ സെറ്റില്‍മെന്റ് വികസന പ്രവര്‍ത്തനങ്ങള്‍, ഫയര്‍ ലൈന്‍ നിര്‍മാണം, എന്‍ ഒ സി അനുവദിക്കല്‍, ജണ്ട നിര്‍മാണങ്ങള്‍, സോളാര്‍ മതില്‍ നിര്‍മാണം തുടങ്ങിയ വിവിധ പദ്ധതികളുടെ നടത്തിപ്പുകളിലും കരാര്‍ അനുവദിക്കുന്നതിലും വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പില്‍ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ പി എസിന്റെ നിര്‍ദേശ പ്രകാരമാണ് മിന്നല്‍ പരിശോധന നടത്തിയത്. രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം വ്യക്തമാക്കി.



