വൈസ് ചാന്‍സലര്‍ നിയമനം: സിപിഐഎമ്മില്‍ അഭിപ്രായഭിന്നതയെന്ന വാര്‍ത്ത തെറ്റെന്ന് ടി പി രാമകൃഷ്ണന്‍

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പില്‍ സിപിഐഎമ്മിനുള്ളില്‍ അഭിപ്രായഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും, ഇതിന്റെ പേരില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതായി വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല അതീവ ഗൗരവമുള്ളതാണെന്നും, ഈ മേഖല ദീര്‍ഘകാലമായി സംഘര്‍ഷാവസ്ഥയില്‍ തുടരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകില്ലെന്നും ടി പി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലകളില്‍ ചില സാഹചര്യങ്ങളില്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നതായും, അവ അവസാനിപ്പിക്കണമെന്ന നിലപാട് കോടതിയുള്‍പ്പെടെ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങിയതെന്നും, ഇത് ഭരണപരമായ തീരുമാനമാണെന്നും ടി പി രാമകൃഷ്ണന്‍ വിശദീകരിച്ചു. വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ യാതൊരു അഭിപ്രായഭിന്നതയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



