Kerala

‘പെട്ടെന്ന് ആഞ്ജിയോ ഗ്രാം ചെയ്യേണ്ട വ്യക്തിയെയാണ് ചികിത്സ നൽകാതെ കൊന്നത്, ഡോക്ടർമാരോട് കേണു പറഞ്ഞിട്ടും മരുന്ന് നൽകിയില്ല’ ; വേണുവിന്റെ കുടുംബം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ ആശുപത്രിയുടെ വീഴ്ച ആവര്‍ത്തിച്ച് കുടുംബം. ഹൃദയാഘാതമുണ്ടായ ആള്‍ക്ക് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും വേണുവിന്‍റെ ഭാര്യ സിന്ധു. വേദന സഹിക്കാൻ കഴിയാതെ വന്നിട്ടും മരുന്ന് പോലും നൽകിയില്ല. ജീവനക്കാര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറി. അഞ്ചു ദിവസം വേദന സഹിച്ച് ആശുപത്രിയിൽ കിടന്നു. രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു. വേദന സഹിക്കാൻ കഴിയുന്നില്ലെന്ന് പലതവണ പറഞ്ഞിട്ടും മരുന്ന് നൽകാൻ ഡോക്ടര്‍മാര്‍ തയ്യാറായില്ല. പലതവണ ആവശ്യപ്പെട്ടശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്. പിന്നീട് പെട്ടെന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെന്ന് പറഞ്ഞു. കാണാൻ പോലും സമ്മതിച്ചില്ല.

വെന്‍റിലേറ്ററിലാണെന്നാണ് പറഞ്ഞതിനുശേഷം പിന്നീട് മോര്‍ച്ചറിയിൽ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്. പെട്ടെന്ന് ആഞ്ജിയോ ഗ്രാം ചെയ്യേണ്ട വ്യക്തിയെയാണ് ചികിത്സ നൽകാതെ കൊന്നത്. ഇത്രയും വലിയ ചതിയാണെന്ന് ആശുപത്രിയിലുള്ളവര്‍ കാണിച്ചതെന്നും സിന്ധു കണ്ണീരോടെ പറഞ്ഞു.ഐസിയുവിൽ കയറി കാണാൻ അനുവദിച്ചില്ല. വെന്‍റിലേറ്ററിലാണെന്ന് പറഞ്ഞ സമയത്ത് തന്നെ അദ്ദേഹത്തിന് എന്തോ സംഭവിച്ചിരുന്നു. മരിച്ചശേഷവും ചികിത്സ തുടരുകയാണെന്ന തരത്തിലാണ് അവര്‍ പ്രതികരിച്ചതെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സിന്ധു പറഞ്ഞു.വേണുവിന്‍റെ മരണത്തിൽ പൊലീസ് അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. കുറ്റക്കാരെ മാറ്റി നിർത്തി അന്വേഷണം നടത്തണം. വേണുവിന്‍റെ ഭാര്യയും രണ്ട് പെൺമക്കളും അനാഥരായയെന്നും അവർക്ക് നീതി കിട്ടണമെന്നും സഹോദരൻ ബേബി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button