വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്; പ്രതി അഫാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നിലവിൽ പാങ്ങോട് പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതിയുള്ളത്. ആവശ്യമെങ്കിൽ പ്രതിയെ ഇന്നും കൊലപാതകം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതല്ലെങ്കിൽ, മൊഴി രേഖപ്പെടുത്തിയതിനു ശേഷം വൈകിട്ട് നാലുമണിയോടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പൂജപ്പുര സെൻട്രൽ ജയിലിലേക്ക് ആയിരിക്കും പ്രതിയെ മാറ്റുക. അവധിക്കുശേഷം കോടതി വീണ്ടും ചേരുമ്പോൾ കിളിമാനൂർ പൊലീസ് കേസിൽ കസ്റ്റഡി അപേക്ഷ നൽകും. ഇത് പരിഗണിച്ചതിന് ശേഷമായിരിക്കും മറ്റ് നടപടികൾ ഉണ്ടാവുക.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. അഫാന്റെ പെരുമലയിലെ വീട്ടിലും പിതൃമാതാവ് സൽമാ ബീവിയുടെ വീട്ടിലും എത്തിച്ചാണ് പാങ്ങോട് പോലീസ് തെളിവെടുത്തത്. കനത്ത സുരക്ഷയിൽ ആയിരുന്നു തെളിവെടുപ്പ്. അഫാന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് പൊലീസ് സംഘം അഫാനുമായി പാങ്ങോട് സ്റ്റേഷനിൽ നിന്നിറങ്ങിയത്. ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സുരക്ഷയോടെ ആയിരുന്നു തെളിവെടുപ്പ്. ആദ്യം പോയത് പിതൃമാതാവ് സൽമാ ബീവിയുടെ വീട്ടിലേക്കായിരുന്നു.
വീടിനകത്ത് 10 മിനിറ്റോളം തെളിവെടുപ്പ് നീണ്ടുനിന്നു. കൊല നടത്തിയ രീതി അഫാൻ പൊലീസിന് മുന്നിൽ വിശദീകരിച്ചു. പിന്നീട് വെഞ്ഞാറമൂടിലെ അഫാന്റെ വീട്ടിലേക്കാണ് പോയത്. അമ്മയെ ആക്രമിച്ചതും സഹോദരനെയും പെൺ സുഹൃത്തിനെയും കൊലപ്പെടുത്തിയതും ഇവിടെ വച്ചാണ്. മുക്കാൽ മണിക്കൂറിലേറെ നീണ്ടുനിന്ന തെളിവെടുപ്പിന് ശേഷമാണ് പ്രതിയെ വീടിന് പുറത്തെത്തിച്ചത്. തുടർന്നു അഫാനെ തിരികെ പാങ്ങോട് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.