Kerala

വെഞ്ഞാറമൂട് കൊലപാതകം; പ്രതി അഫാനെ ഡിസ്ചാർജ് ചെയ്തു; ജയിലിലേക്ക് മാറ്റി

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റി. അഫാനെ ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. കൊലപാതകങ്ങൾക്ക് പിന്നാലെ എലി വിഷം കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ പ്രതിക്ക് കാര്യമായ ആരോ​ഗ്യ പ്രശ്നങ്ങളില്ല എന്ന ജനറൽ മെഡിസിൻ ഡോക്ടറുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസങ്ങളിലായി പിതൃമാതാവ് സൽമാ ബീവി, അനുജൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ അഫാനെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം, അഫാന്റെ ബന്ധുക്കൾ, പണം കടം വാങ്ങിയവർ എന്നിവരുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം. അഫാന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനകൾ. എന്നാൽ ഇത് തള്ളിയായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നുംമെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവിക്ക് പുറമേ, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫ്‌സാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ. ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button