BlogKeralaNews

‘വെള്ളാപ്പള്ളിയുടെ പരാമർശം ചിലർ സമുദായത്തിനെതിരെയാക്കാൻ ശ്രമിച്ചു ‘; ന്യായീകരണവുമായി മുഖ്യമന്ത്രി

വിവാദമായ മലപ്പുറം പരാമര്‍ശത്തിൽ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ നിലപാട് ഉയർത്തി പിടിക്കാൻ എല്ലാ കാലവും വെള്ളാപ്പള്ളി ശ്രമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘വെള്ളാപ്പള്ളിയുടെ ഈ അടുത്തകാലത്ത് ഉണ്ടായ ചില പരാമർശങ്ങൾ ചില സമുദായത്തിന് എതിരായ പരമാർശമായി വരുത്താൻ ശ്രമിച്ചു. എന്നാൽ വെള്ളാപ്പള്ളിയെ അറിയുന്നവർക്ക് അത് സമുദായത്തിനെതിരെ ആയിരുന്നില്ലെന്ന് അറിയാം. പരാമർശം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ മാത്രമായിരുന്നു’ മുഖ്യമന്ത്രി തുടർന്നു.

എസ്എൻഡിപിക്ക് വലിയ സംഭാവന നൽകിയ ആളാണ് വെള്ളാപ്പള്ളി. നേതൃപാടവം കൊണ്ടാണ് അദ്ദേഹം ജനറൽ സെക്രട്ടറിയായി തുടരുന്നത്. വെള്ളാപ്പള്ളിയ്ക്ക് ഉചിതമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഒരേ കാലത്ത് നിർവഹിച്ചത് രണ്ട് സംഘടനകളുടെ നേതൃത്വം. തുടർച്ചയായി വിശ്വാസം നേടിയെടുക്കാനും നിലനിർത്താനും വെള്ളാപ്പള്ളിയ്ക്ക് കഴിഞ്ഞു. മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നിർവഹിച്ചു. സംഘടനയെ വളർച്ചയിലേയ്ക്ക് നയിക്കാൻ വെള്ളാപ്പള്ളിയ്ക്ക് സാധിച്ചു. അനിതര സാധാരണമായ കർമശേഷിയുള്ളയാളാണ് വെള്ളാപ്പള്ളി. ഗുരുദർശനങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ടുപോകുവാൻ വെള്ളാപ്പള്ളിയ്ക്ക് കഴിഞ്ഞു. അംഗങ്ങൾക്ക് ആർജവം പകർന്നുകൊടുത്ത നേതൃസ്ഥാനമാണ് വെള്ളാപ്പള്ളിക്കെന്നും പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞു.

‘മനുഷ്യനെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന വർഗീയ ശക്തികൾ തക്കം പാർത്തിരിക്കുന്ന കാലഘട്ടമാണിത്. ഗുരു ഏതിന് എതിരെയാണോ എതിർത്തിരുന്നത് അത് തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. അതിനെ ജാഗ്രതയോടെ നേരിടാൻ കഴിയണം.
മതപരമായ ആഘോഷം ആക്രമണത്തിനുള്ള വേദിയായി മാറ്റുന്നു. ഇതിന്റെ ഉദാഹരണമാണ് ഹോളി ആഘോഷം. എന്നാൽ നമ്മുടെ നാട്ടിൽ അത്തരം ചിന്താഗതി ഉണ്ടാവുന്നില്ല. ഉത്തരേന്ത്യയിൽ പള്ളികളിൽ ടാർപോളിൻ ഇട്ടപ്പോൾ ഇവിടെ പള്ളിയുടെ മുറ്റത്ത് പൊങ്കാലയിട്ടു. ‘ മുഖ്യമന്ത്രി പറഞ്ഞു.

സുരേഷ് ഗോപിയെയും പ്രസംഗത്തിൽ പരോക്ഷമായി മുഖ്യമന്ത്രി വിമർശിച്ചു. ജാതി ചോദിക്കരുതെന്ന് ഗുരു പറഞ്ഞിരുന്നു. എന്നാൽ ഇവിടെ ജാതി ചോദിക്കാൻ ചിലർ പറയുന്നു. അടുത്ത ജന്മത്തിൽ പൂണൂൽ ഇടുന്ന ബ്രാഹ്മണനാകണമെന്ന് ചിലർ ആഗ്രഹിക്കുന്നു. അത്തരക്കാർക്ക് എതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളാപ്പള്ളി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തെത്തി 30 വർഷം പൂർത്തിയാക്കുന്നതിൻ്റെ ആഘോഷത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button