വീണ ജോർജിന് കുവൈത്തിലേക്ക് പോകാനായില്ല; കേന്ദ്രം പൊളിറ്റിക്കല്‍ ക്ലിയറൻസ് നല്‍കിയില്ല

0

കൊച്ചി: തീപിടിത്ത ദുരന്തമുണ്ടായ കുവൈത്തിലേക്ക് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി പോകേണ്ടിയിരുന്ന മന്ത്രി വീണാ ജോർജിന് അവസാന നിമിഷം യാത്ര ഉപേക്ഷിക്കേണ്ടി വന്നു. കേന്ദ്രത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാതിരുന്നതോടെയാണ് മന്ത്രിയുടെ യാത്ര മുടങ്ങിയത്.

രാത്രി 9.40ന് പുറപ്പെടുന്ന വിമാനത്തിൽ കയറാൻ വീണാ ജോർജ് 9.30 വരെയും വിമാനത്താവളത്തിലുണ്ടായിരുന്നു. അവസാന നിമിഷം കേന്ദ്ര അനുമതി കിട്ടാതെ വന്നതോടെയാണു യാത്ര ഉപേക്ഷിച്ചത്. കേന്ദ്ര സർക്കാരിന്റെ നടപടി അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും തെറ്റാണെന്നും വീണാ ജോർജ് പറഞ്ഞു.

യാത്രയ്ക്കായി ഡൽഹിയിലെ റസിഡന്റ് കമ്മിഷണർ മുഖാന്തരം നടത്തിയ ശ്രമവും പരാജയപ്പെട്ടു. എന്തുകൊണ്ട് അനുമതി നിഷേധിച്ചു എന്നകാര്യം വ്യക്തമാക്കാൻ കേന്ദ്രം തയാറായിട്ടില്ല. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈത്തിലുണ്ട്. വെള്ളിയാഴ്ച പുലർച്ചെ 3.30ന് കുവൈത്തിൽനിന്നും വിമാനങ്ങൾ തിരിക്കും. രാവിലെ 8.30ന് കൊച്ചിയിലെത്തുന്ന വിമാനത്തിൽനിന്നും മൃതദേഹങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങും.

വിദേശത്ത് ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോൾ സംസ്ഥാനങ്ങളിൽനിന്നു മന്ത്രിമാർ പോകുന്ന കീഴ്‌വഴക്കമില്ലെന്നാണ് കേന്ദ്രത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here