മുഖ്യമന്ത്രി മോദിക്കും ഷായ്ക്കും മുന്നിൽ 90 ഡിഗ്രി കുനിഞ്ഞുനിൽക്കുന്നു; പിണറായിക്കെതിരെ വി.ഡി. സതീശന്റെ പരിഹാസം

കൊല്ലം: രാഹുൽ ഗാന്ധിക്കെതിരായ വിമർശനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ഗുഡ് ബുക്കിൽ കയറാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിക്കുന്നതെന്നും സതീശൻ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിയും അമിത് ഷായും പറഞ്ഞാൽ പിണറായി വിജയൻ ഏത് കടലാസിലും ഒപ്പിടും. 90 ഡിഗ്രി കുനിഞ്ഞാണ് മുഖ്യമന്ത്രി, മോദിയുടെയും ഷായുടെയും മുന്നിൽ നിൽക്കുന്നതെന്നും സതീശൻ പരിഹസിച്ചു. അതേസമയം കേരളത്തിൽ ബി ജെ പിയുമായി സി പി എമ്മിന് തെരഞ്ഞെടുപ്പ് ഡീൽ ഉണ്ടെന്ന ആരോപണത്തിലാണ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ഇന്ന് മുഖ്യമന്ത്രി രംഗത്തെത്തിയത്. രാഹുൽ ഒരു അഖിലേന്ത്യ നേതാവ് ആണെങ്കിലും ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കണ്ടാലും കൊണ്ടാലും പഠിക്കില്ല. ഒരു ആരോപണവും നേരെ ചൊവ്വെ മനസ്സിലാക്കില്ല. എത്ര മാത്രം അധഃപതനമാണ് അദ്ദേഹത്തിന് ഉണ്ടാകുന്നതെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.




