
മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പെട്ടന്ന് തീരുമാനിച്ചുള്ള യാത്രയല്ലെന്നും ഇന്നലെ മുഖ്യമന്ത്രിയെ വിളിച്ചിരുന്നെന്നും സതീശന് പറഞ്ഞു. ചികിത്സയ്ക്ക് പോയതിനെ കുറ്റപ്പെടുത്താനില്ല. അദ്ദേഹം അസുഖം മാറി വേഗം തിരിച്ചുവരണം. പകരം ചുമതല കൊടുക്കേണ്ട കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ് തീരുമാനിക്കേണ്ടതെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ ഇല്ലായ്മയാണ് ഇവിടുത്തെ അവസ്ഥയെന്ന് വിഡി സതീശന് പറഞ്ഞു. എല്ലാവരുടെയും മുന്നില്‍ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്. ആരോഗ്യമന്ത്രി കുറ്റവാളിയാണ്. എന്നിട്ട് അതിനെയെല്ലാം ന്യായീകരിക്കുകയാണെന്നും സതീശന് പറഞ്ഞു. വീണാ ജോര്‍ജ് ആ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നതാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. അവര്‍ ഒരു കാര്യത്തിലും ശ്രദ്ധിക്കുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം പൊളിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പ്രതിപക്ഷം ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കാന്‍ തയ്യാറായതെന്നും സതീശന് പറഞ്ഞു.
മെഡിക്കല്‍ കോളജിലെ കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല കേരളത്തിലെ ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത യുഡിഎഫ് ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയത്. കാലാവധി കഴിഞ്ഞ മരുന്ന് വിതരണം നടത്തിയ കൊള്ളക്കാരാണ് ഇവര്‍. തെരഞ്ഞെടുപ്പ് കാലത്ത് ആയിരക്കണക്കിന് കോവിഡ് മരണങ്ങള് ഒളിപ്പിച്ചുവച്ചു. ലോകത്ത് ഏറ്റവും നന്നായി കോവിഡിനെ പ്രതിരോധിച്ചത് കേരളമാണെന്ന് അവര്‍ പിആര്‍ പ്രചരണം നടത്തി. ഇന്ന് ഏറ്റവും അധികം പകര്‍ച്ചവ്യാധികള്‍ ഉള്ള സംസ്ഥാനം കേരളമാണ്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നില്ല. മെഡിക്കള്‍ കോളജില്‍ സര്‍ജിക്കല്‍ ഉപകരണങ്ങളില്ല. അതിന് പ്രതിപക്ഷം സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ടേ?. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ ഡോ ഹാരിസ് അടിവരയിടുകയാണ് ചെയ്തത്. ആദ്യം അദ്ദേഹത്തെ മന്ത്രിമാര്‍ സോപ്പിട്ടു. പിന്നെ മുഖ്യമന്ത്രിയടക്കമുള്ള ആളുകള്‍ വിരിട്ടി. ആരോഗ്യരംഗത്ത് ഒരുപാട് അഴിമതിയുണ്ട്. അതെല്ലാം പുറത്തുകൊണ്ടുവരും. കുറെ നാളായി പിആര്‍ ഏജന്‍സിയെ വച്ച് നടത്തുന്ന പ്രചാരണം മാത്രമാണ് നടക്കുന്നതെന്നും സതീശന് പറഞ്ഞു.



