
മുനമ്പം പ്രശ്നത്തെയും വഖഫ് ബില്ലിനെയും കൂട്ടിക്കെട്ടാൻ പലരും ശ്രമിക്കുന്നുണ്ടെന്ന് സതീശൻ ആരോപിച്ചു. വഖഫ് ബില്ല് എങ്ങനെയാണ് മുനമ്പം ജനതയെ സഹായിക്കുക എന്ന് വ്യക്തമാക്കണം. ബില്ല് പാസായി എന്നു കരുതി മുനമ്പം വിഷയം പരിഹരിക്കാൻ കഴിയില്ല. ഇതിന് മുൻകാല പ്രാബല്യമില്ലെന്ന് കേന്ദ്രമന്ത്രി തന്നെ പറഞ്ഞുകഴിഞ്ഞു. സംസ്ഥാന സർക്കാരിനാണ് മുനമ്പം പ്രശ്നം പരിഹരിക്കാനാവുക. മുനമ്പത്തേത് രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാക്കാൻ ഉള്ള ശ്രമങ്ങൾക്ക് സർക്കാർ കുട പിടിക്കാൻ പാടില്ലെന്നും പ്രശ്നം പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാറാണെന്നും വി.ഡി സതീശൻ പറഞ്ഞു.
വഖഫ് ബില്ല് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി തീരുമാനമെടുത്തിട്ടുണ്ടെന്നും സംഘപരിവാർ അജണ്ടയെ കോൺഗ്രസ് ശക്തമായി എതിർക്കുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് നിലപാട് ക്രൈസ്തവ സഭയെ അടക്കം ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കരുത് എന്നാണ് നിലപാട്. പ്രശ്നം പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാറാണ്.
എങ്ങനെ പരിഹരിക്കുമെന്ന ചോദ്യത്തിന് സർക്കാർ സംവിധാനത്തിലൂടെ പരിഹരിക്കണമെന്ന് ഉത്തരം. എന്നാൽ സംഘപരിവാറിന്റെതു പോലെയുള്ള ദുഷിച്ച ചിന്ത കേരളത്തിലെ സിപിഎം നേതാക്കൾക്കിടയിൽ ഉണ്ടെന്നും പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ് മുനമ്പത്ത് നടക്കുന്നതെന്നും സതീശൻ ആരോപിച്ചു.