
വടകര വള്ളിക്കാട് കാല്‍നട യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കടമേരി സ്വദേശി പി അബ്ദുള്‍ ലത്തീഫിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ മൊഴി വിശ്വസനീയമല്ലെന്ന് റൂറല്‍ എസ്പി കെഇ ബൈജു പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്ന അമല്‍ കൃഷ്ണ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
150-ഓളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തിയത്. ഡ്രൈവറെ തിരിച്ചറിഞ്ഞതോടെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. കോഴിക്കോട് നിന്നും രാത്രി പിടിയിലായ ലത്തീഫിനെ വടകര സ്റ്റേഷനില്‍ എത്തിച്ചു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും.
ഉള്ള്യേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ഏറാമലയില്‍ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കാര്‍ ഫോറന്‍സിക് സംഘം പരിശോധിച്ചു. ഈ മാസം ഏഴിന് രാത്രി 11 മണിയോടെ റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് അമല്‍ കൃഷ്ണയെ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതമായി പുരുക്കേറ്റ 27-കാരന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാര്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.