വർക്കല ട്രെയിൻ അതിക്രമം; പ്രതിയുടെ തിരിച്ചറിയിൽ പരേഡ് നടത്തും, ശ്രീകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട പ്രതി സുരേഷ് കുമാറിന്‍റെ തിരിച്ചറിയിൽ പരേഡ് നടത്താൻ പൊലീസ്. മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ ജയിലിൽ വെച്ചായിരിക്കും തിരിച്ചറിയിൽ പരേഡ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ശ്രീകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച രാത്രിയാണ് കേരള എക്സ്പ്രസിൽ തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാര്‍ പുറത്തേയ്ക്ക് ചവിട്ടി തള്ളിയിട്ടത്. തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പൊലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളടക്കമുള്ള ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. അപകടസ്ഥലത്ത് നിന്ന് ശേഖരിച്ച രക്തക്കറകൾ, സംഭവസമയം പെൺകുട്ടിയും പ്രതിയും ധരിച്ചിരുന്ന വസ്ത്രങ്ങൾ അടക്കമുള്ളവയാണ് ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയിൽ നൽകിയത്
നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതി സുരേഷ് കുമാറിന്‍റെ തിരിച്ചറിയൽ പരേഡ് നടത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം മജിസ്ട്രേറ്റിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലായിരിക്കും തിരിച്ചറിയിൽ പരേഡ് നടത്തുക. ട്രെയിനിൽ നിന്ന് വീണ ശ്രീകുട്ടിയെ രക്ഷിച്ച രണ്ടു പേരുടെ മൊഴി കൂടി രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ അന്വേഷണ സംഘം. കോട്ടയത്തെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ മാറിയുള്ള ബാറിൽ നിന്ന് മദ്യപിച്ചിട്ടാണ് സുരേഷ് കുമാർ ട്രെയിനിൽ കയറിയതെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തിന്‍റെ മൊഴി. ഈ ബാറിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിക്കും. ഇതിന് ശേഷം കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യം ഉണ്ടെങ്കിൽ സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം. അതേസമയം തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സർജറിവിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലേറ്റ ഗുരുതര പരിക്ക് ഭേദമാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍




