News

വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് 19കാരിയെ ചവിട്ടി താഴെയിട്ട സംഭവം ; പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞു

വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് 19കാരിയെ ചവിട്ടി താഴെയിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രീക്കുട്ടിയെ തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ സാക്ഷികൾ തിരിച്ചറിഞ്ഞു. സഹയാത്രികരായിരുന്ന 2 പേരാണ് തിരിച്ചറിഞ്ഞത്. പെൺകുട്ടിയുടെ സുഹൃത്തിനെ ആക്രമിക്കുന്നത് കണ്ടെന്നാണ് ഇവരുടെ മൊഴി. ആക്രമിക്കപ്പെട്ട പെൺകുട്ടിക്കൊപ്പം യാത്ര ചെയ്ത പെൺകുട്ടി ഇന്നലെ തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. കൂടാതെ മറ്റ് ചില സാക്ഷികൾ കൂടി ഇപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജനറൽ കംപാർട്ട്മെന്റിലുണ്ടായിരുന്ന രണ്ട് പുരുഷൻമാരാണ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് മൊഴി നൽകിയിരിക്കുന്നത്. ഇവർ തമ്പാനൂരുള്ള കേരള റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തുകയും ഈ പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ തള്ളിയിട്ടതിന് ശേഷം ഒപ്പമുണ്ടായിരുന്ന കുട്ടിയുമായി ബലപ്രയോ​ഗം നടത്തുന്നത് കണ്ടതായി സാക്ഷികൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ബോ​ഗിയിലുണ്ടായിരുന്ന മറ്റ് ആളുകളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്

വർക്കല അയന്തി മേൽപാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലേക്കാണ് പെൺകുട്ടിയെ പ്രതി സുരേഷ് കുമാർ ചവിട്ടി തള്ളിയിട്ടത്. ആംബുലൻസിന് കടന്നു വരാൻ വഴിയില്ലാത്ത കാടുമൂടിയ വിജനമായ സ്ഥലത്തായിരുന്നു സംഭവം. മെമു ട്രെയിൽ എത്തിയതു കൊണ്ടു മാത്രമാണ് പെൺകുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ കൊണ്ടു പോകാൻ കഴിഞ്ഞതെന്ന് പ്രദേശവാസിയായ യുവതി രാസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേ സമയം, കേരള എക്സ്പ്രസിൽ സുരക്ഷയ്ക്കായി ഒരു പൊലിസുകാരൻപോലും ഉണ്ടായിരുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ആർപിഎഫിൻ്റെയോ കേരള റെയിൽവേപൊലിസിൻ്റെയോ ഉദ്യോഗസ്ഥർ ഉണ്ടായിറുന്നില്ല. ക്രൈംപാറ്റേൺ അനുസരിച്ചാണ് പൊലിസിനെ വിന്യസിക്കുന്നതെന്ന് ആർപിഎഫ് വ്യക്തമാക്കുന്നു. സാധാരണ കുറ്റകൃത്യങ്ങൾ നടക്കാത്ത ട്രെയിനിൻ പൊലിസുകാരെ വിന്യസിക്കാറില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button