National

ആരാധനാലയ സംരക്ഷണ നിയമ സാധുത : ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി

ആരാധനാലയ സംരക്ഷണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ച് സുപ്രീംകോടതി. ഡിസംബര്‍ പന്ത്രണ്ട് മുതല്‍ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായി പ്രത്യേക ബെഞ്ച് രൂപീകരിച്ചു.

ബിജെപി നേതാവ് അശ്വനികുമാര്‍ ഉപാധ്യയ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളില്‍ കഴിഞ്ഞ വര്‍ഷം കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. പിന്നീട് ഹര്‍ജികള്‍ കോടതി പരിഗണിച്ചില്ല. 1991ലെ ആരാധനാലയ നിയമത്തിന്റെ മൂന്ന് വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. മതേതരതത്വത്തിന് തുരങ്കം വെയ്ക്കുന്ന മുന്‍കാലത്തെ ക്രൂരപ്രവൃത്തികള്‍ക്ക് നിയമപ്രകാരമുള്ള പരിഹാരം നിഷേധിക്കുന്നുവെന്നാണ് പ്രധാനവാദം. അടുത്ത വ്യാഴ്ച്ച ഉച്ചയ്ക്ക് മൂന്നരയ്ക്കാവും കോടതി ഹര്‍ജി പരിഗണിക്കുക.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചില്‍ ജഡ്ജിമാരായ സഞ്ജയ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരാണ് മറ്റു അംഗങ്ങള്‍. നിയമം ഇല്ലാതായാല്‍ രാജ്യത്ത് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് കക്ഷി ചേരാനുള്ള അപേക്ഷയില്‍ ഗ്യാന്‍വാപ്പി പള്ളി കമ്മിറ്റി വ്യക്തമാക്കി. സംഭല്‍ പള്ളി സര്‍വേയെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ മരിച്ച കാര്യവും ഗ്യാന്‍വാപി കമ്മിറ്റി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിനിടെ യുപിയിലെ അടാല മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിക്കെതിരെ പള്ളിക്കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.

അയോധ്യ ഒഴികെയുള്ള ആരാധാനാലയങ്ങളുടെ 1947ലെ സ്വഭാവം അതേപടി നിലനിര്‍ത്താനുള്ള വ്യവസ്ഥയാണ് നരസിംഹറാവു സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിലുള്ളത്. നിയമം നിലനില്‍ക്കേ കീഴ്‌ക്കോടതികള്‍ ആരോധനാലയങ്ങളുടെ സര്‍വ്വെയ്ക്കുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് സുപ്രീംകോടതി വാദം നിശ്ചയിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button