വടക്കഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിവാദം: ആരോപണങ്ങള്‍ തള്ളി ഇയു ജാഫര്‍

വടക്കഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി മുസ്ലീം ലീഗ് സ്വതന്ത്ര സ്ഥാനാര്‍ഥി ഇയു ജാഫര്‍ രംഗത്തെത്തി. സിപിഐഎമ്മില്‍ നിന്ന് ഒരാളുപോലും പണം വാഗ്ദാനം ചെയ്ത് വിളിച്ചിട്ടില്ലെന്ന് ഇയു ജാഫര്‍ പറഞ്ഞു. ആരുടെയെങ്കിലും കൈയില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരവൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയുമായി നടത്തിയ സംഭാഷണം സൗഹൃദപരമായതുമാത്രമാണെന്നും അതിന് പിന്നില്‍ മറ്റേതെങ്കിലും അര്‍ഥമില്ലെന്നും ഇയു ജാഫര്‍ പറഞ്ഞു. ഒരു വ്യക്തിയും വിളിച്ചിട്ടില്ലെന്നും, അങ്ങനെ ആരെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു.
ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണം നേടാന്‍ ആരെങ്കിലും 50 ലക്ഷം രൂപ വാഗ്ദാനം ചെയ്യുമോയെന്ന് ചോദിച്ച ഇയു ജാഫര്‍, എല്ലാ യുഡിഎഫ് നേതാക്കളോടും സംസാരിച്ച ശേഷമാണ് വോട്ട് ചെയ്യാന്‍ കയറിയതെന്നും വഞ്ചിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പറഞ്ഞു.
സിപിഐഎമ്മിന് ഭരണം ലഭിക്കണമെന്നായിരുന്നു ലക്ഷ്യമെങ്കില്‍ വോട്ടെടുപ്പില്‍ നിന്ന് മാറിനില്‍ക്കാമായിരുന്നുവെന്നും, എന്നാല്‍ വോട്ട് മാറിപ്പോയത് അശ്രദ്ധ മൂലമാണെന്നും അദ്ദേഹം സമ്മതിച്ചു. നിലവിലെ വിവാദങ്ങള്‍ക്ക് യാതൊരു വസ്തുതയുമില്ലെന്നും, ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും ഇയു ജാഫര്‍ വ്യക്തമാക്കി.




