ആര് ശ്രീലേഖയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി വി വി രാജേഷും ആശ നാഥും

തിരുവനന്തപുരം നഗരസഭ മേയര്‍ വി വി രാജേഷും, ഡെപ്യൂട്ടി മേയര്‍ ആശ നാഥും ആര് ശ്രീലേഖയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പ്രധാനപ്പെട്ട നേതാക്കളെ ഒക്കെ പോയി കാണുന്നുണ്ടെന്നും ഇവിടെ നിന്നാണ് തുടക്കമെന്നും രാജേഷ് പ്രതികരിച്ചു. ആരോഗ്യ മേഖലയില്‍ നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളെ പറ്റി ഡോക്ടര്‍ സേതുനാഥിനോടും സംസാരിച്ചുവെന്നും എല്ലാ പ്രവര്‍ത്തനങ്ങളിലും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.
സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിനിടെ കൗണ്‍സില്‍ ഹാളില്‍ നിന്ന് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ശ്രീലേഖ ഇറങ്ങിപ്പോയയത് ചര്‍ച്ചയായിരുന്നു. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയെന്നായിരുന്നു വിശദീകരണം. ഇതിന് പിന്നാലെയാണ് ഇരുവരുടെയും സന്ദര്‍ശനം.
മേയര്‍ ചര്‍ച്ചകളില്‍ വിവി രാജേഷിന്റെ പേരിനൊപ്പം ഉയര്‍ന്നുവന്ന പേരായിരുന്നു ആര് ശ്രീലേഖയുടേത്. എന്നാല്‍, രാഷ്ട്രീയ പരിചയസമ്പത്തും തലസ്ഥാന നഗരിയിലുള്ള സ്വാധീനവുമാണ് നറുക്ക് രാജേഷിന് തന്നെ വീഴാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. മേയറെ തീരുമാനിക്കുന്നതില്‍ ആര്‍എസ്എസിന്റെ ഇടപെടലാണ് നിര്‍ണായകമായത്. ആര്‍എസ്എസിന്റെ പിന്തുണ വി.വി. രാജേഷിനായിരുന്നു.



