KeralaNews

അര്‍ധരാത്രിയില്‍ പി വി അന്‍വറിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു: രാഹുലിനെ തള്ളി വി ഡി സതീശന്‍

അര്‍ധരാത്രിയില്‍ പി വി അന്‍വറിനെ വീട്ടിലെത്തി സന്ദര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ പോയി കണ്ടതെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അനുനയത്തിന് ജൂനിയര്‍ എംഎല്‍എയെ ആരെങ്കിലും ചുമതലപ്പെടുത്തുമോയെന്ന് ചോദിച്ച വി ഡി സതീശന്‍ രാഹുലിന്റെ പ്രവൃത്തി തെറ്റാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

‘യുഡിഎഫ്, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ കണ്ടത്. ഇനി ഒരു ചര്‍ച്ചയും അന്‍വറുമായി ഇല്ലെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. അന്‍വറുമായുള്ള ചര്‍ച്ചയുടെ വാതില്‍ യുഡിഎഫ് അടച്ചതാണ്. ചര്‍ച്ചയ്ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അനുനയത്തിന് ജൂനിയര്‍ എംഎല്‍എയെ ആരെങ്കിലും ചുമതലപ്പെടുത്തുമോ? അദ്ദേഹം തന്നത്താന്‍ പോയതാണ്. പോയത് തെറ്റാണ്. പോകാന്‍ പാടില്ലായിരുന്നു. വിശദീകരണം ചോദിക്കേണ്ടത് ഞാനല്ല. നേരിട്ട് ശാസിക്കും. അനുജനെ പോലെയാണ് രാഹുല്‍. പോയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ല’, രാഹുലിനെ തള്ളി വി ഡി സതീശന്‍ വ്യക്തമാക്കി. നിലമ്പൂരില്‍ മത്സരിക്കേണ്ടതുണ്ടോയെന്നതെല്ലാം അന്‍വറിന്റെ ഇഷ്ടമാണ്. നിലമ്പൂരില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. തികച്ചും രാഷ്ട്രീയമത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. സിപിഐഎം-ബിജെപി ബാന്ധവമാണ് മണ്ഡലത്തില്‍ എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിലമ്പൂരിലെ വീട്ടിലെത്തി പി വി അന്‍വറിനെ സന്ദര്‍ശിച്ചത്. രാഹുല്‍ അന്‍വറിന്റെ വീട്ടില്‍ എത്തിയതിൻ്റെ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. യുഡിഎഫിലേക്ക് ഇല്ലെന്നും തന്നെ ആരും വിളിക്കേണ്ടെന്നും അന്‍വര്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ അന്‍വറിനെ സന്ദര്‍ശിച്ച രാഹുലിന്റെ നടപടിയാണ് രാഷ്ട്രീയ വിവാദങ്ങളിലേക്ക് വഴിവെച്ചത്.

അതേസമയം പിണറായിസത്തിനെതിരെ സംസാരിച്ചയാള്‍ എന്ന നിലയിലാണ് അന്‍വറിനെ പോയി കണ്ടതെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. പി വി അന്‍വറിനോട് രാഷ്ട്രീയമായോ വ്യക്തിപരമായോ താല്‍പര്യം തോന്നിയിട്ടില്ല. ആരും ചുമതലപ്പെടുത്തിയല്ല കൂടിക്കാഴ്ചയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button