Blog

ഇറാന് വൻ തിരിച്ചടി, വിമാനവാഹിനിക്കപ്പലോളം വലിപ്പമുള്ള ഡ്രോൺ കാരിയർ കപ്പൽ തകർത്ത് യുഎസ്, ഇറാന്റെ നാവിക ശക്തിയെ പൂർണ്ണമായും ഇല്ലാതാക്കിയെന്ന് അമേരിക്ക

വാഷിംഗ്ടൺ: ഇറാൻ നാവിക സേനയുടെ കരുത്തായ ഡ്രോൺ കാരിയർ കപ്പൽ തകർത്ത് അമേരിക്കൻ സൈന്യം. വിമാന വാഹിനി കപ്പലുകളോളം വലിപ്പമുള്ള ഇറാന്റെ ഡ്രോൺ കാരിയർ കപ്പലാണ് യുഎസ് സൈന്യം തകർത്തത്. കപ്പലിൽ നിന്ന് പുക ഉയരുന്നതിന്റെയും സ്ഫോടനത്തിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഡ്രോൺ കാരിയർ കപ്പൽ നശിപ്പിച്ചതോടെ ഇറാന്റെ നാവിക ശക്തിയെ പൂർണ്ണമായും ഇല്ലാതാക്കിയെന്നാണ് അമേരിക്കയുടെ വാദം. ‘എപ്പിക് ഫ്യൂറി’ എന്ന് പേരിൽ ഇറാനിയൻ നാവികസേനയെ ലക്ഷ്യം വച്ചുള്ള ആക്രമണം തുടരുന്നതിനിടെയാണ് വ്യാഴാഴ്ച യുഎസ് സൈന്യം ഡ്രോൺ കാരിയർ കപ്പൽ ആക്രമിച്ച് തീയിട്ടത്. രണ്ടാം ലോക മഹായുദ്ധത്തിലെ ഒരു വിമാനവാഹിനിക്കപ്പലിന്റെ വലുപ്പമുള്ള ഡ്രോൺ കാരിയർ ഞങ്ങൾ തകർത്തുവെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ പോസ്റ്റ് ചെയ്തത്.

ഭരണകൂട മാറ്റം ലക്ഷ്യമിട്ട് ഇസ്രയേലും അമേരിക്കയും നടത്തുന്ന സംയുക്ത സൈനിക നീക്കങ്ങൾ ഇറാന്‍റെ പ്രതിരോധ മേഖലയെ ആകെ തകർത്തിരിക്കുകയാണ്. സംഘർഷം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനും ഇറാനിയൻ സൈന്യത്തിനുമെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷമായ മുന്നറിയിപ്പ് നൽകിയിരുന്നു. ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങാൻ തയാറാകണമെന്നും അല്ലാത്തപക്ഷം ‘മരണം ഉറപ്പായിരിക്കും’ എന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. “ഇറാൻ റെവല്യൂഷണറി ഗാർഡിലെയും പൊലീസിലെയും സൈന്യത്തിലെയും എല്ലാ അംഗങ്ങളോടും ഞാൻ ഒരിക്കൽ കൂടി ആഹ്വാനം ചെയ്യുന്നു, നിങ്ങളുടെ ആയുധങ്ങൾ താഴെ വയ്ക്കുക. ഇപ്പോൾ കീഴടങ്ങുന്നവർക്ക് ഞങ്ങൾ പൂർണ്ണമായ സുരക്ഷയും നിയമപരിരക്ഷയും ഉറപ്പുനൽകുന്നു. എന്നാൽ ഈ മുന്നറിയിപ്പ് അവഗണിക്കുന്നവർക്ക് നേരിടേണ്ടി വരുന്നത് സമ്പൂർണ്ണ വിനാശമായിരിക്കും’- ഡൊണാൾഡ് ട്രംപ് ഓർമിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button