Kerala

കൊച്ചിയില്‍ അസാധാരണമായ വേഗത്തിൽ കാറ്റ് : ട്രാക്കിൽ മരം വീണു, ട്രെയിനുകൾ പിടിച്ചിട്ടു

പുലര്‍ച്ചെ വിവിധ ജില്ലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. കൊച്ചിയില്‍ അസാധാരണമായ വേഗത്തില്‍ കാറ്റുവീശി പലയിടത്തും മരം കടപുഴക് വീണു. ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ യാത്ര തടസപ്പെട്ടു. ഓച്ചിറയിലും തകഴിയിലും ട്രാക്കിൽ മരം വീണതായാണ് വിവരം. ഇതേ തുടര്‍ന്ന് പാലരുവി എക്സ്പ്രസ് ഉൾപ്പെടെ പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ വഴി പോകേണ്ട ഏറനാട് എക്സ്പ്രസും പിടിച്ചിട്ടിരിക്കുകയാണ്.

ആലപ്പുഴയിൽ ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റാണ് ആഞ്ഞു വീശുന്നത്. അസാധാരണ വേഗത്തിലാണ് കാറ്റ്. ഇതേ തുടര്‍ന്ന് ജില്ലയിലെ പല ഇടങ്ങളിലും മരം വീണു. കരുമാടി, പുറക്കാട് മേഖലകളിൽ മരം വീണു. പലയിടത്തും അതിശക്തമായ കാറ്റാണ് വീശിയത്. ഹരിപ്പാട്, മണ്ണഞ്ചേരി, പാതിരപ്പള്ളി, ചേർത്തല, തിരുവിഴ എന്നിവിടങ്ങളിലും മരം വീണു. ചെങ്ങന്നൂർ മുളക്കുഴ, ചെറിയനാട് എന്നിവിടങ്ങളിലും മരം വീണു. മരം കടപുഴകി വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.

ചെറിയനാട് കടയ്ക്ക് മുകളിൽ മരം വീണു നാശനഷ്ടം ഉണ്ടായി. കായംകുളം കൊറ്റുകുളങ്ങരയിൽ വീടിന് മുകളിൽ മരം വീണു.കൊല്ലത്ത് പലയിടങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ടായി. പുലർച്ചെയോടെ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശി. കൊല്ലം ഹാർബറിൽ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി. നിലവില്‍ കൊല്ലത്ത് മഴയ്ക്ക് കുറവുണ്ട. പാലക്കാട് മഴ മാറി നിൽക്കുകയാണ്. മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. കോഴിക്കോട് മഴയുണ്ടെങ്കിലും നാശനഷ്ടങ്ങൾ ഇതുവരെ ഇല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button