ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്യുന്നു ; സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ നിര്‍ണായക മൊഴി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യം ചെയ്യൽ. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെയും ചോദ്യം ചെയ്യുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി ദില്ലിയിൽ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ ചിത്രങ്ങളടക്കം നേരത്തെ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങളടക്കം തേടിയാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. കര്‍ണാടകയിലെ തന്‍റെ ബന്ധങ്ങളാണ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ചോദ്യം ചെയ്യൽ തുടരുകയാണ്.
അടൂര്‍ പ്രകാശിനെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. വളരെ രഹസ്യമായിട്ടാണ് അടൂര്‍ പ്രകാശിന്‍റെ ചോദ്യം ചെയ്യലൽ. അടൂര്‍ പ്രകാശുമായുള്ള ബന്ധത്തിലടക്കം ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് വിവരങ്ങള്‍ എസ്ഐടി സംഘം തേടുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും സമ്മാനങ്ങൾ സ്വീകരിച്ചതായുമുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യമുൾപ്പെടെ അടൂർ പ്രകാശിൽ നിന്നും ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും എസ്ഐടി ചോദിച്ചറിയും. അടൂര്‍ പ്രകാശിന്‍റെ നിക്ഷേപങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയടക്കം എസ്ഐടി അന്വേഷിക്കുന്നുണ്ട്.
കുറ്റപത്രം തയ്യാറാക്കാൻ പോറ്റിയുടെ നിക്ഷേപങ്ങൾ, ബന്ധങ്ങൾ എന്നിവയിൽ കൂടുതൽ വ്യക്തത വരുത്താൻ ലക്ഷ്യമിട്ടാണ് പോറ്റിയെ വിശദമായി ചോദ്യം ചെയ്യുന്നത്. ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ പോറ്റിയെ ചോദ്യംചെയ്തിരുന്നു. മുരാരി ബാബുവിനെയും കേസിലെ ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എസ് ശ്രീകുമാറിനെയും ഇന്നലെ ഇഡിയും ചോദ്യം ചെയ്തു. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇഡി കേസിൽ പ്രതികളുടെ അറസ്റ്റ് വൈകും. ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവരെ ഇഡി അടുത്തയാഴ്ചയായിരിക്കും ചോദ്യം ചെയ്യുക. പൂർണ്ണമായി വിവര ശേഖരണം നടത്തിയശേഷം വിളിച്ചുവരുത്താൻ തീരുമാനം. പ്രതിപ്പട്ടികയിൽ ഇല്ലാത്ത സാക്ഷികളുടെ ചോദ്യം ചെയ്യൽ തുടരും. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡി വിശദമായി പരിശോധിച്ചു. 2017 മുതൽ 2025 വരെയുള്ള സാമ്പത്തിക ഇടപാടാണ് പരിശോധിച്ചത്. തിരുവനന്തപുരത്ത് അടക്കം ഭൂമികൾ വാങ്ങിയതിന്‍റെ വിശദാംശങ്ങളും ഇ ഡിയ്ക്ക് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകൾ നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്.




