Cinema

ഇനി വേറെ ലെവൽ വയലൻസ്! ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

ഹനീഫ് അദെനി – ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. രക്തത്തിൽ കുളിച്ചു വായിൽ രക്തം പുരണ്ട കത്തി കടിച്ചു നിൽക്കുന്ന മാർക്കോയാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ വയലൻസ് ലെവൽ എത്രത്തോളമാണെന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൂടി തന്നെ അണിയറപ്രവർത്തകർ സൂചന നൽകുന്നുണ്ട്.

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ഫുൾ പാക്കഡ്‌ ആക്ഷൻ സിനിമയായ മാർക്കോ’ നിർമ്മിക്കുന്നത്. കനലിൽ കാറ്റ് ഊതിയത് പോലെ ആ പ്രതീക്ഷക്ക് തീ പാറിക്കുന്ന ‘മാർക്കോ’യുടെ ഒരു ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ആണ് ഇന്ന് പുറത്തിറങ്ങിയത്.

6 ഭാഷകളിൽ ആണ് പോസ്റ്റർ ഇറങ്ങിയത് പ്രഖ്യാപന സമയം മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രത്തിന്റെ ഇത് വരെ ഇറങ്ങിയ എല്ലാവിധത്തിലുമുള്ള പോസ്റ്ററുകൾക്ക് പ്രേക്ഷകർക്കിടയിൽ വൻ ഹിറ്റ് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. മറുത്തൊന്നും സംഭവിക്കാനില്ലാതെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ആ ഹിറ്റ് ആവർത്തിച്ചിരിക്കുന്നു.

ഉണ്ണി മുകുന്ദൻ നായകനാകുന്ന മാർക്കോ സിനിമയുടെ പോസ്റ്റർ

സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് പോസ്റ്റർ. ഒപ്പം മാർക്കോയെക്കുറിച്ചുള്ള പ്രതീക്ഷകൾക്കും ഹൈപ്പ് കൂടിയിട്ടുണ്ട്. ഈ സിനിമയെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസം സൂക്ഷിക്കുന്നുണ്ട് പ്രേക്ഷകർ. ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലറിൽ നായകനായി ഉണ്ണി മുകുന്ദൻ എത്തുന്നു എന്നുള്ളത് തന്നെ ആരാധകരുടെ ആവേശത്തിന്റെ ഏറ്റവും വലിയ കാരണം.

മാളികപ്പുറം, തമിഴ് ചിത്രം ഗരുഡൻ തുടങ്ങിയ വമ്പൻ ഹിറ്റ് ചിത്രങ്ങളുടെ ആവർത്തിച്ചുള്ള വിജയങ്ങൾക്കും 100 കോടി ക്ലബ്ബിന്റെ തിളക്കത്തിനും തൊട്ടു പിന്നാലെ ഉണ്ണി മുകുന്ദൻ ‘മാർക്കോ’യുമായി എത്തുമ്പോൾ പ്രേക്ഷകരുടെ ആവേശം കൂടുകയാണ്. ഒരു മികച്ച തിയറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന സിനിമ എന്നതിന് പുറമെ, അഞ്ചിലധികം വമ്പൻ ആക്ഷൻ സീക്വെൻസുകൾ നിറഞ്ഞ സീറ്റ് എഡ്ജ് ആക്ഷൻ ത്രില്ലർ ആണെന്നാണ് സിനിമ മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഈ അടുത്ത കാലത്ത് വൻ ഹിറ്റായ ഹിന്ദി ചിത്രം അനിമൽ പോലെ ഒരു ചിത്രമാകും മാർക്കോ.

ഇതുപോലെ മാസ്സ് വൈലൻസ് നിറഞ ഒരു ചിത്രം മലയാളത്തിലും ആദ്യമായിട്ടാണ്. കലൈകിംഗ് സൺ ഉൾപ്പടെ ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആണ് ഇതിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. മാർക്കോയുമായി ബന്ധപ്പെട്ട് അധികം വാർത്തകൾ ഒന്നും അണിയറപ്രവർത്തകർ പുറത്ത് വീട്ടിട്ടില്ലെങ്കിലും ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മാർക്കോ ഒരു പാൻ ഇന്ത്യൻ ലെവൽ സിനിമയെന്നാണ്.

പ്രത്യേകതകൾ ഇനിയും കഴിഞ്ഞിട്ടില്ല. ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ ഹിറ്റായ ‘കെ ജി എഫ്’ ചിത്രത്തിന്റെ സംഗീത സംവിധായകനായ രവി ബസ്രൂർ ആണ് മാർക്കോ’യിൽ സംഗീതം ഒരുക്കുന്നത് എന്ന വലിയ പ്രത്യേകതയും സിനിമക്ക് ഡിമാൻഡ് കൂട്ടുന്നുണ്ട്. രവി ബസ്രുർ ആദ്യമായി സംഗീത സംവിധാനം ഒരുക്കുന്ന മലയാളസിനിമയാണ് മാർക്കോ. ഹനീഫ് അദേനിയുടെ തന്നെ ‘മിഖായേൽ’ എന്ന സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ മാർക്കോ ജൂനിയർ ആണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രം.

മലയാളത്തിലെ ആദ്യത്തെ വില്ലന്റെ സ്പിൻ ഓഫ്‌ ചിത്രം എന്ന ക്രെഡിറ്റും മാർക്കോയുടെ മറ്റൊരു പ്രത്യേകത. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഒരു മാസ്സ് ആക്ഷൻ എന്റർടൈനർ ആയി എത്തുന്ന മാർക്കോയിൽ നായികയും മറ്റ് പ്രധാന കഥാപാത്രങ്ങളും ബോളിവുഡിൽ നിന്നുള്ളവരാണ്. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ , ടർബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും, ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

വിവിധതരം വ്യവസായ മേഖലകളിൽ മുഖമുദ്ര പതിപ്പിച്ച ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയുടെ ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
വ്യവസായ മേഖലയിൽ അതികായന്മാരായ ക്യൂബ്സ് ഇന്റർനാഷണൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് മാർക്കോ. മാർക്കോക്ക് പുറമെ മറ്റ് വമ്പൻ പ്രോജക്ടുകളും ക്യൂബ്സിന്റെ ലിസ്റ്റിൽ ഉണ്ട്.

ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
കലാസംവിധാനം – സുനിൽ ദാസ്.
മേക്കപ്പ് – സുധി സുരേന്ദ്രൻ.
കോസ്റ്റ്യും – ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ.
പ്രൊഡക്ഷൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. സ്യമന്തക് പ്രദീപ്.
പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ബിനു മണമ്പൂർ. പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ.
പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button