Kerala

റിപ്പോര്‍ട്ടര്‍വിട്ട് ഉണ്ണി ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിലേക്ക്

കുത്തകയായിരുന്ന ഒന്നാം സ്ഥാനം തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും പിടിച്ചെടുത്ത റിപ്പോര്‍ട്ടര്‍ ചാനലിന് കനത്ത പ്രഹരം ഏല്‍പിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. എംവി നികേഷ് കുമാര്‍ വിട്ട ശേഷം റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രധാന മുഖങ്ങളിലൊന്നും നട്ടെല്ലും ആയി മാറിയ ഉണ്ണി ബാലകൃഷ്ണനെ സ്വന്തം പാളയത്തിലേക്ക് എത്തിച്ചു കൊണ്ടാണ് ചാനല്‍ യുദ്ധത്തില്‍ ഏഷ്യാനെറ്റ് മേല്‍ക്കൈ പിടിക്കാന്‍ ഒരുങ്ങുന്നത്.

അരുണ്‍ കുമാര്‍ തുടങ്ങി ഒരുനിര ജേര്‍ണലിസ്റ്റുകള്‍ അണിനിരക്കുന്ന റിപ്പോര്‍ട്ടര്‍ ഫ്‌ലോറില്‍ പരിചയ സമ്പന്നത കൊണ്ടും, അതില്‍ നിന്നുണ്ടാകുന്ന ആധികാരികത കൊണ്ടും വളരെ പെട്ടെന്ന് ശ്രദ്ധേയനായ ജേര്‍ണലിസ്റ്റ് ആണ് ഉണ്ണി. ചാനലിന് വിശ്വാസ്യത ഇല്ലെന്ന് പലകോണില്‍ നിന്ന് ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍, ‘റിപ്പോര്‍ട്ടര്‍’ മുന്നോട്ട് വയ്ക്കുന്ന തുറുപ്പു ചീട്ടും ആയിരുന്നു ഇദ്ദേഹം.

ഇന്ന് പുറത്തുവന്ന ടെലിവിഷന്‍ റേറ്റിങ് ചാര്‍ട്ടില്‍ 105.69 പോയിന്റ് നേടി റിപ്പോര്‍ട്ടര്‍ ടിവി ഒന്നാമത് എത്തിയപ്പോള്‍ 98 പോയിന്റുമായി ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്തായി. കഴിഞ്ഞയാഴ്ചത്തെ റേറ്റിങ്ങില്‍ റിപ്പോര്‍ട്ടര്‍ 97.71ഉം ഏഷ്യാനെറ്റ് 92.21 പോയിന്റുമാണ് നേടിയത്. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയിലും ഒന്നാം സ്ഥാനം നിലനിര്‍ത്തിയെന്ന് മാത്രമല്ല, നേരിയ തോതിലെങ്കിലും നില മെച്ചപ്പെടുത്തുകയും ചെയ്തു. ഈ ഘട്ടത്തിലാണ് നിര്‍ണായക കൂടുമാറ്റം ഉണ്ടായിരിക്കുന്നത്.

ഏഷ്യാനെറ്റിലെ ആദ്യകാല ജേര്‍ണലിസ്റ്റുകളില്‍ ഒരാളായിരുന്ന ഉണ്ണി ബാലകൃഷ്ണന്‍ ഡല്‍ഹി റിപ്പോര്‍ട്ടറും ബ്യൂറോ ചീഫും ആയിട്ടാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. പിന്നീട് നേതൃനിരയില്‍ ചിലരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഏഷ്യാനെറ്റ് വിട്ട അദ്ദേഹം മാതൃഭൂമിയിലും, യൂടോക് എന്ന ഓണ്‍ലൈന്‍ ചാനലിലും പ്രവര്‍ത്തിച്ച ശേഷമാണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button