InternationalScience

2026 അവസാനത്തോടെ ചൊവ്വയിലേക്ക് ആളില്ലാ സ്റ്റാര്‍ഷിപ്പ് അയക്കും; ഇലോൺ മസ്ക്

2026 അവസാനത്തോടെ ചൊവ്വയിലേക്ക് ആളില്ലാ സ്റ്റാര്‍ഷിപ്പ് പേടകം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്‌പേസ് എക്‌സ് മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ഒടുവില്‍ നടത്തിയ സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം പരാജയപ്പെട്ടെങ്കിലും റോക്കറ്റിന്റെ കാര്യത്തില്‍ കമ്പനി ശുഭാപ്തി വിശ്വാസത്തിലാണ്. സ്‌പേസ് എക്‌സ് തയ്യാറാക്കിയ ഒരു വീഡിയോയിലാണ് സ്റ്റാര്‍ഷിപ്പിന്റെ വികസന പദ്ധതിയുടെ സമയക്രമം മസ്‌ക് അവതരിപ്പിക്കുന്നത്.

കുറച്ച് നാളുകൾക്ക് മുമ്പാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഫിഷ്യന്‍സിയുടെ നേതൃസ്ഥാനത്ത് നിന്ന് മസ്‌ക് ഒഴിഞ്ഞത്. വ്യവസായത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക തന്നെയാണ് പ്രധാന ലക്ഷ്യം. അടുത്ത വര്‍ഷം അവസാനത്തോടെ സ്റ്റാര്‍ഷിപ്പിനെ ചൊവ്വയിലെത്തിക്കാനുള്ള ഇലോൺ മസ്‌കിന്റെ പദ്ധതി നടക്കുമോ എന്ന് സംശയമാണ്. ബഹിരാകാശത്ത് വെച്ച് സ്റ്റാര്‍ഷിപ്പ് പേടകത്തില്‍ ഇന്ധനം നിറയ്ക്കുന്നതുള്‍പ്പടെയുള്ള സങ്കീര്‍ണമായ സാങ്കേതിക വിദ്യകള്‍ ഇനിയും പരീക്ഷിക്കേണ്ടതുണ്ട്.

രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ചൊവ്വ ഭൂമിയില്‍ നിന്ന് ഏറ്റവും കുറഞ്ഞ അകലത്തിലെത്തുന്നത് 2026 അവസാനത്തോടെയാണ്. ചൊവ്വാദൗത്യ വിക്ഷേപണങ്ങള്‍ക്ക് അനുയോജ്യമായ സമയമാണിത്. ഈ സമയത്ത് വിക്ഷേപിക്കുന്ന പേടകങ്ങള്‍ ഏഴ് മുതല്‍ ഒമ്പത് മാസം കൊണ്ട് ചൊവ്വയിലെത്തും. എന്നാല്‍ 2026 ല്‍ സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കാന്‍ സാധിച്ചില്ലെങ്കില്‍, അതിനായി വീണ്ടും രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വരും.

ചൊവ്വയിലേക്ക് ആദ്യമായി അയക്കുന്ന സ്റ്റാര്‍ഷിപ്പ് പേടകത്തില്‍ ഒന്നോ അതിലധികമോ റോബോട്ടുകളെയാണ് അയയ്ക്കുക. ടെസ്ലയുടെ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടുകളാണ് ഇതിനായി ഉപയോഗിക്കുക. പിന്നാലെയുള്ള രണ്ടാമത്തേയോ മൂന്നാമത്തേയോ ദൗത്യങ്ങളില്‍ ആദ്യമായി മനുഷ്യരെ ചൊവ്വയിലയക്കും. ഒരോ രണ്ട് വര്‍ഷം കൂടുമ്പോഴും 1000 മുതല്‍ 2000 സ്റ്റാര്‍ഷിപ്പുകള്‍ ചൊവ്വയിലേക്ക് അയക്കുമെന്നും ചൊവ്വയില്‍ അതിവേഗം മനുഷ്യരുടെ വാസസ്ഥലം കെട്ടിപ്പടുക്കുമെന്നും മസ്‌ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം 2027 തുടക്കത്തില്‍ സ്റ്റാര്‍ഷിപ്പില്‍ മനുഷ്യരെ ചന്ദ്രനിലയക്കാനുള്ള പദ്ധതിയിലാണ് നാസ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button