Business

‘പെട്ടെന്ന് പണം കിട്ടിയപ്പോള്‍, പെട്ടെന്ന് വളരാന്‍ ശ്രമിച്ചു’ ബൈജൂസിന്റെ പ്രതിസന്ധിയെക്കുറിച്ച് രാജീവ് ചന്ദ്രശേഖര്‍

മുംബൈ: പെട്ടെന്നുയര്‍ന്ന് വലിയ സാമ്പത്തിക ബാധ്യതയില്‍പ്പെട്ട എജുടെക്ക് ആപ്പായ ബൈജൂസിലെ പ്രതിസന്ധിയെക്കുറിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരിന്റെ വിമര്‍ശം.

വളരെപ്പെട്ടെന്ന് വളരെയേറെ പണം കിട്ടിയപ്പോള്‍ ദീര്‍ഘവീക്ഷണമില്ലാതെ പെട്ടെന്ന് വളരാന്‍ ശ്രമിച്ചതും സാമ്പത്തിക അച്ചടക്കം പാലിക്കാത്തതുമാണ് ബൈജൂസിന്റെ പ്രതിസന്ധിക്ക് കാരണമെന്ന് രാജീവ് ചന്ദ്രശേഖര്‍ വിലയിരുത്തി. മുംബൈയില്‍ നിന്ന് ടെക്ക്‌നോളജി വീക്ക് പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശങ്ങള്‍.

മറ്റുള്ളവരുടെ അബദ്ധങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ നിങ്ങള്‍ തന്നെ അബദ്ധങ്ങളില്‍ പെടുമെന്നും കേന്ദ്രമന്ത്രി ടെക്ക് കമ്പനികളോടായി ഉപദേശിച്ചു. ഒരു കോർപറേറ്റ് സ്ഥാപനം പാലിക്കേണ്ട അച്ചടക്കം പാലിച്ചില്ലെന്നതാണ് പരാജയത്തിന്റെ തുടക്കമായി കേന്ദ്രമന്ത്രി വിലയിരുത്തുന്നത്.

Byju’s ല്‍ ഇനി എന്ത് സംഭവിക്കും? ബൈജു രവീന്ദ്രന് ഇന്ത്യയിലേക്ക് ഒരു മടക്കം സാധ്യമോ? (video കാണാം)

അതേസമയം, തകര്‍ന്ന അവസ്ഥയില്‍ നിന്നും തിരിച്ചുകയറാന്‍ ബൈജൂസ് പുതിയ വഴി തേടുകയാണ്. കമ്പനിയുടെ ഭരണം നവീകരിക്കുമെന്നും, പ്രവര്‍ത്തങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നുമാണ് ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ പുതിയ വാഗ്ദാനം നല്‍കുന്നത്.

ഓഹരി ഉടമകള്‍ക്കയച്ച കത്തില്‍ കമ്പനിയില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങളെ ക്രിയാത്മകമായി പരിഹരിക്കാനുള്ള നിര്‍ദേശങ്ങളാണെന്നാണ് സൂചന. ഓഹരി ഉടമകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനായി കമ്പനിയുടെ ബോര്‍ഡ് പുനഃസംഘടിപ്പിക്കുമെന്നതാണ് ബൈജു പ്രഖ്യാപിച്ച ഏറ്റവും വലിയ വാഗ്ദാനം.

അതേ സമയം ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബോര്‍ഡിനെ പുറത്താക്കാന്‍ വെള്ളിയാഴ്ച ഓഹരി ഉടമകള്‍ യോഗം ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അവര്‍ക്കുള്ള അദ്ദേഹത്തിന്റെ കത്ത് പുറത്തു വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എഡ്ടെക് സ്ഥാപനമായ ബൈജുവിന്റെ മാതൃ കമ്പനിയായ ആയ തിങ്ക് ആന്‍ഡ് ലേണിന്റെ റൈറ്റ്‌സ് ഇഷ്യൂ പൂര്‍ണമായി സബ്സ്‌ക്രൈബ് ചെയ്തതായി ബൈജു ബുധനാഴ്ച ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ അറിയിച്ചു.

പ്രതാപകാലത്ത് 2,200 കോടി ഡോളര്‍ (1.83 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന ബൈജൂസിന് നിലവില്‍ നിക്ഷേപകര്‍ കല്‍പ്പിക്കുന്ന മൂല്യം 22-25 കോടി ഡോളര്‍ (ഏകദേശം 2,000 കോടി രൂപ) മാത്രമാണ്. ഈ മൂല്യം അടിസ്ഥാനമാക്കിയാണ് അവകാശ ഓഹരി വില്‍പ്പന നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button