
സ്കൂളുകളിൽ ആഘോഷദിവസം യൂണിഫോം നിർബന്ധമാക്കില്ലെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കി. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതുമായി ബന്ധപ്പെട്ട തീരുമാനം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ആഘോഷവേളകളിൽ കുഞ്ഞുങ്ങൾ വർണ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെയെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു.അതുകൊണ്ട്, ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. ഈ പുതിയ തീരുമാനം വിദ്യാലയ അന്തരീക്ഷത്തിൽ കൂടുതൽ സന്തോഷവും വർണ്ണാഭമായ ഓർമ്മകളും നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.