മൊണാലിസയ്ക്ക് കേരളത്തിൽ മംഗല്യം; ‘സംരക്ഷണം കിട്ടുന്ന ഇടം കേരളമെന്ന് അവർക്കറിയാമായിരുന്നു’ എന്ന് ശ്രീമതി ടീച്ചർ

കൊച്ചി: പ്രയാഗ്രാജ് കുംഭമേളയിലൂടെ വൈറലായ മൊണാലിസ ഭോസ്ലെ കേരളത്തിൽ വിവാഹിതയായതിന് പിന്നാലെ, പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി ടീച്ചർ. തിരുവനന്തപുരം പൂവാർ നൈനാർ അരുമാനൂർ നൈനാർ ക്ഷേത്രത്തൽ വെച്ച് മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്മാന് ആണ് മൊണാലിസ ഹൈന്ദവ ആചാരപ്രകാരം വിവാഹം കഴിച്ചത്. ലോകത്തിന്റെ ഏത് മൂലയിലാണ് സംരക്ഷണം കിട്ടുക എന്ന് ചിന്തിച്ചു അവരുടെ മനസ് പരക്കം പാഞ്ഞുവെന്നും അത് കേരളമെന്ന് ബോധ്യമുണ്ടായതിനാൽ അവർ ഇവിടെ വന്ന് വിവാഹിതരായി എന്നുമാണ് പികെ ശ്രീമതി ടീച്ചർ പ്രതികരിച്ചത്.
‘മത സാഹോദര്യത്തിനു പുകൾ പെറ്റ കേരളം. ദൈവത്തിന്റെ സ്വന്തം നാട്ടിൽ മൊണാലിസക്ക് വിവാഹം. സ്കൂളിന്റെ പടി വാതിൽ കാണാത്ത ആ പെൺകുട്ടി മൊണാലിസ. ലോകത്തിന്റെ ഏത് മൂലയിലാണ് സംരക്ഷണം കിട്ടുക എന്ന് ചിന്തിച്ചു അവരുടെ മനസ് പരക്കം പാഞ്ഞു. അത് കേരളം തന്നെ എന്നു അവർക്ക് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു. അവർ വന്നു. വിവാഹിതരായി. സന്തോഷം. അരുമാനൂർ ക്ഷേത്ര ഭാരവാഹികൾക്ക് നന്ദി’ – എന്നാണ് പികെ ശ്രീമതി ടീച്ചർ ഫെയ്സ്ബുക്കിൽ കുറിച്ചത്.




