ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഒന്നാം പ്രതിക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്. 2018 ലാണ് സിബിഐ കോടതി 2 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
മതിയായ തെളിവുകളില്ലാത്ത കേസില്‍ സിബിഐ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 2005 സെപ്തംബര്‍ 29നാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ 4,000 രൂപ ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് ഉദയകുമാറിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ആറു പൊലീസുകാരായിരുന്നു കേസിലെ പ്രതികള്‍.
രാഷ്ട്രീയമായി ആ കാലത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്. അക്കാലത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് അന്നത്തെ ഫോര്‍ട്ട് സിഐ ആയിരുന്ന ഇകെ സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ള പൊലീസുകാരാണ് ഉയദകുമാറിനെ കസ്റ്റഡിയിലെടുത്തത്. മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനേയും സുഹൃത്ത് സുരേഷ് കുമാറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആക്രിക്കടയില്‍ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നു. ഇരുമ്പുപൈപ്പുകൊണ്ട്. അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സെപ്തംബര്‍ 29ന് ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയായി രാത്രി എട്ടുമണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ അജിത് കുമാറും സിഐ ഇകെ സാബുവുമായി ഗൂഢാലോചന നടത്തി കള്ളക്കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു. ഉദയകുമാറിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ വഴിയരികില്‍ പരിക്കേറ്റ് കിടക്കുന്നതുകണ്ടു എന്നാണ് പൊലീസ് പറഞ്ഞത്. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മര്‍ദനത്തിന്റെ ഭീകരത പുറത്തുവന്നത്. കാലിലെയും നെഞ്ചിലെയും അസ്ഥികള്‍ നിരവധി കഷണങ്ങളായി നുറുങ്ങിയിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. പിന്നീട് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു.




