News

കുവൈത്തിന്‍റെ പരമാധികാരവും ദേശീയ താല്പര്യവും സംരക്ഷിക്കും ; പൂർണ പിന്തുണ, ഇറാഖിന്‍റെ നീക്കത്തിനെതിരെ യുഎഇ

അബുദാബി: കുവൈത്തിന്‍റെ പരമാധികാരവും ദേശീയ താല്പര്യങ്ങളും സംരക്ഷിക്കുന്നതിനായുള്ള എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണ. കുവൈത്തിന്റെ അവകാശങ്ങളെ ബാധിക്കുന്ന തരത്തിൽ ഇറാഖ് ഐക്യരാഷ്ട്രസഭയ്ക്ക് സമർപ്പിച്ച പുതിയ ഭൂപടത്തിലും അതിർത്തി അടയാളപ്പെടുത്തലുകളിലും യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.

കുവൈത്തിന്റെ ഉടമസ്ഥതയിലുള്ള ഫിഷ്ത് അൽ ഈദ്, ഫിഷ്ത് അൽ ഈജ് ഉൾപ്പെടെയുള്ള സമുദ്ര മേഖലകളിൽ ഇറാഖിന്റെ നീക്കം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎഇ ചൂണ്ടിക്കാട്ടി. കുവൈത്തിന്റെ നിയമപരമായ അവകാശങ്ങൾക്കും താല്പര്യങ്ങൾക്കും മേലുള്ള ഏതൊരു കടന്നുകയറ്റത്തെയും യുഎഇ ശക്തമായി എതിർക്കുന്നതായി മന്ത്രാലയം അറിയിച്ചു. കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ രാജ്യം എന്നും ഒപ്പമുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധം ഇറാഖ് പരിഗണിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളും 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കരാറുകളും പാലിച്ച് ഗൗരവകരമായ ഉത്തരവാദിത്തത്തോടെയും നയതന്ത്ര ചർച്ചകളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണം. സമാധാനപരമായ ചർച്ചകളിലൂടെയും നയതന്ത്ര ചാനലുകളിലൂടെയും ഈ പ്രശ്നം പരിഹരിക്കണമെന്നും, അത് മേഖലയുടെ സുരക്ഷയും സുസ്ഥിരതയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും യുഎഇ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button