അമേരിക്കയില്‍ ഷട്ട് ഡൗണ്‍ 37-ാം ദിവസത്തിലേക്ക്;വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു

വാഷിങ്ടണ്‍: അമേരിക്കയില്‍ ഷട്ട് ഡൗണ്‍ 37-ാം ദിവസത്തിലേക്ക് കടക്കുന്നു. ഷട്ട് ഡൗണിന്റെ ഭാഗമായി അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ഇതോടെ അമേരിക്കയില്‍ 5,000ത്തിലധികം വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ കൂട്ട അവധിയാണ് വിമാന സര്‍വീസുകള്‍ കുറയ്ക്കാനിടയാക്കിയത്.
ജീവനക്കാരുടെ കുറവ് മൂലമുണ്ടാകുന്ന പ്രതിസന്ധി അവസാനിപ്പിക്കാനാണ് 4% വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. അടുത്ത ആഴ്ച്ച ഇത് 10% ആയി ഉയര്‍ത്തിയേക്കാമെന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷൻ അറിയിച്ചു. അമേരിക്കയിലെ പ്രധാന വിമാനത്താവളങ്ങളായ ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, വാഷിങ്ടണ്‍ ഡിസി എന്നിവയെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തെ 40 വിമാനത്താവളങ്ങളിലാണ് വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചത്. ഇതില്‍ ഏറ്റവും തിരക്കേറിയ ചില വിമാനത്താവളങ്ങളും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം ആരംഭിച്ച ഷട്ട് ഡൗണിന്റെ പശ്ചാത്തലത്തില്‍ പല ജീവനക്കാരും അസുഖത്തിന്റെ പേരില്‍ അവധിയെടുക്കുകയും ചിലര്‍ ചെറിയ ജോലികള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതോടെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി.
ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും ജോലി ഭാരം കുറയ്ക്കാനാണ് സര്‍വീസുകള്‍ വെട്ടിക്കുറച്ചതെന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അറിയിച്ചു.




