KeralaNews

ചെന്നിത്തലയിൽ പാലത്തിന്റെ സ്പാൻ തകർന്ന് അപകടം, കാണാതായ രണ്ട് തൊഴിലാളികളും മരിച്ചു

ആലപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാൻ തകർന്ന് രണ്ട് മരണം. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക്ക് (24) എന്നിവരാണ് മരിച്ചത്. ചെന്നിത്തല കീച്ചേരിൽകടവ് പാലം തകർന്ന് ഏഴ് തൊഴിലാളികളാണ് വെള്ളത്തിൽ വീണത്. അഞ്ച് പേർ നീന്തി കരക്കെത്തിയിരുന്നു. രണ്ട് പേരെ കാണാതായിരുന്നു. ഇവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചയോടെയാണ് സംഭവം. അപകടം ഉണ്ടായ സ്ഥലത്തു നിന്നും 50 മീറ്റർ അകലെയായാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മന്ത്രി സജി ചെറിയാൻ, യു പ്രതിഭ എംഎൽഎ തു‌‌ടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കാണാതായവർക്കായുള്ള തിരച്ചിൽ നടന്നത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

ചെന്നിത്തല- ചെട്ടികുളങ്ങര ​ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നുവീണത്. ഏതാണ്ട് മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാ​ഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നു വീണത്. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിന്റെ ഭാ​ഗമായി നിർമാണ തൊഴിലാളികളും അവിടെ ഉണ്ടായിരുന്നു. അതേസമയം, പാലത്തിന്റെ സ്പാൻ തകർന്നുവീണ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വേണ്ട സുരക്ഷ മുൻ കരുതലുകൾ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button