
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പേരില്‍ ആരോപണം ഉന്നയിച്ചവരില്‍ രണ്ടുപേര്‍ കേസുമായി മുന്നോട്ടുപോകാനില്ലെന്ന് അന്വേഷണസംഘത്തെ അറിയിച്ചു. മാധ്യമങ്ങളിലൂടെ ആദ്യം ആരോപണം ഉന്നയിച്ച യുവതി അന്വേഷണസംഘത്തിന് മൊഴി നല്‍കിയെങ്കിലും പരാതി നല്‍കാനോ കേസുമായി മുന്നോട്ടുപോകാനോ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി. ആരോപണം ഉന്നയിച്ച ട്രാന്‍സ്‌ജെന്‍ഡറാകട്ടെ മൊഴി നല്‍കാനും തയ്യാറായില്ല. ഗര്‍ഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തിയെന്ന് ശബ്ദസന്ദേശത്തിലൂടെ ആരോപണം ഉന്നയിച്ച യുവതിയും ഇതുവരെ മൊഴി നല്‍കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം നിയമോപേദശം തേടാന്‍ തീരുമാനിച്ചു.
മൊഴി നല്‍കിയ യുവതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ പൊലീസിനോടും പറഞ്ഞിട്ടുണ്ട്. പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങളും കൈമാറി. യുവതിയുടെ മൊഴിയെ പരാതിയാക്കിയാല്‍ കേസ് നിലനില്‍ക്കുമോയെന്നത് സംബന്ധിച്ചാകും അന്വേഷഷണസംഘം നിയമോപദേശം തേടുക മൂന്നാംകക്ഷികള്‍ നല്‍കിയ പരാതികളില്‍ അന്വേഷണസംഘം മൊഴി ശേഖരിച്ചിരുന്നെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ളത് ഗുഢാലോചനയാണെന്നും കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കി. രാഹുലിന്റെ പേരിലുള്ള ആരോപണം ഗുഢാലോചനയുടെ ഭാഗമാണെന്നും അതില്‍ പ്രതിപക്ഷനേതാവ്, രമേശ് ചെന്നിത്തല എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും മൊഴിയില്‍ പറയുന്നു.