ധര്‍മസ്ഥലയില്‍ രണ്ടാംഘട്ട പരിശോധനയില്‍ രണ്ട് തലയോട്ടികള്‍ കൂടി കണ്ടെത്തി

ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലെ അന്വേഷണത്തില്‍ വീണ്ടും ട്വിസ്റ്റ്. ശുചീകരണ തൊഴിലാളി ചിന്നയ്യ മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന പരിസരവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബംഗ്ലഗുഡ്ഡ വനമേഖലയില്‍ തിരച്ചില്‍ തുടരുന്നതിനിടെ രണ്ട് തലയോട്ടികള്‍ കൂടി കണ്ടെത്തി. രണ്ട് ദിവസത്തെ തിരച്ചിലില്‍ ഏഴ് ഇടങ്ങളില്‍ നിന്ന് തലയോട്ടികളും അസ്ഥികളും ലഭിച്ചിട്ടുണ്ട്.
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നൂറ് കണക്കിന് സ്ത്രീകളുടെ മൃതദേഹം തന്നെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് കുഴിപ്പിച്ചിട്ടെന്നായിരുന്നു മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തല്‍. ശുചീകരണ തൊഴിലാളി പറഞ്ഞ 13 സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് പരിശോധനകളും നടന്നു. മൂന്നാഴ്ചത്തെ പരിശോധനയ്ക്കൊടുവില്‍ രണ്ട് സ്പോട്ടുകളില്‍ നിന്ന് മാത്രമാണ് അസ്ഥികള്‍ കണ്ടെത്തിയിരുന്നത്. അസ്ഥി ഭാഗങ്ങള്‍ പുരുഷന്മാരുടേതാണെന്നാണ് സംശയം ഉയര്‍ന്നതോടെ അന്വേഷണം വഴിമുട്ടി. പിന്നെ കണ്ടത് റിവേഴ്സ് ഇന്‍വെസ്റ്റിഗേഷനായിരുന്നു. ആസൂത്രിതമായി ഉണ്ടാക്കിയ കഥകളാണ് വെളിപ്പെടുത്തലായി പുറത്തുവന്നതെന്ന് ആരോപണം ശക്തമായി. ഇത് കേന്ദ്രീകരിച്ച് ഗൂഡാലോചന കുറ്റം ചുമത്തി ശുചീകരണ തൊഴിലാളിയെ പ്രതിയാക്കി കേസെടുത്തു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശുചീകരണ തൊഴിലാളി ചിന്നയ്യ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടെന്ന പരിസരവാസികളുടെ മൊഴിയിലാണ് നിലവിലെ അന്വേഷണം. കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവനും താന്‍ നിരവധി തലയോട്ടികളും അസ്ഥികളും കണ്ടതായി മൊഴി നല്‍കിയിരുന്നു. മൊഴിയില്‍ അന്വേഷണം നടക്കുന്നില്ലെന്ന് കാട്ടി സാക്ഷികള്‍ ഹൈക്കോടതിയെ സമീപിച്ചു. പിന്നാലെ ഹൈക്കോടതി എസ് ഐ ടി ക്ക് നോട്ടീസ് അയച്ചു. തുടര്‍ന്നാണ് വീണ്ടും തിരച്ചില്‍ തുടങ്ങിയത്. ബംഗ്ലഗുഡ്ഡ വനമേഖലയില്‍ ഇന്നലെ നടത്തിയ തിരച്ചിലില്‍ അഞ്ചിടങ്ങളില്‍ നിന്നാണ് തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്. ഇന്ന് രണ്ട് തലയോട്ടികളും അസ്ഥിയും കിട്ടി. പ്രദേശത്ത് പരിശോധന വ്യാപിപ്പിക്കാനാണ് നീക്കം. ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ കാര്യങ്ങള്‍ പൂര്‍ണമയായും തള്ളാനാകില്ലെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം ഈ മേഖല എന്ത് കൊണ്ട് ചിന്നയ്യ നേരത്തെ മറച്ചുവെച്ചുവെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.