Kerala

പത്തനംതിട്ടയില്‍ 2 ദിവസം പ്രായമായ നവജാത ശിശു പറമ്പില്‍ മരിച്ച നിലയില്‍

പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 21 കാരി പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍താമസം ഇല്ലാത്ത അയല്‍ വീട്ടിലെ പറമ്പില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആശുപത്രി അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇലവുംതിട്ട പൊലീസ് ആണ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ വീട്ടിലേക്ക് പൊലീസ് വന്നപ്പോഴാണ് കുഞ്ഞിന്റെ വിവരം അറിഞ്ഞതെന്ന് 21 കാരിയുടെ മുത്തശ്ശി പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോയതാണ് പെണ്‍കുട്ടി, മറ്റൊരു വിവരങ്ങളും അറിയില്ലെന്നും മുത്തശ്ശി പറഞ്ഞു. 21 കാരി ഗര്‍ഭിണിയായി വിവരം അറിയില്ല എന്നാണ് പ്രദേശത്തെ ആശാപ്രവര്‍ത്തകര്‍ പറയുന്നത്. ബി എ ബിരുദധാരിയായ പെണ്‍കുട്ടിയും ഏറെനാളായി വീട്ടിലാണ്. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന കാര്യം അറിയില്ല എന്നാണ് 21 കാരിയുടെ മുത്തശ്ശി പറയുന്നത്. പെണ്‍കുഞ്ഞാണ് മരിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകരെത്തി സ്ഥിരീകരിച്ചു.

ഫോറന്‍സിക് സ്ഥലത്തെത്തി പരിശോധന നടത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ആശുപത്രിയില്‍ ചികിത്സയുള്ള 21 കാരിയെയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.

അതേസമയം, കുഞ്ഞിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം നടപടികളിലേക്ക് എത്തിയതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളില്‍ എല്ലാം വ്യക്തത വരൂ. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button