
തമിഴ്നാട്ടിലെ കടുത്ത നിയന്ത്രണങ്ങൾ മറികടക്കുന്നതിനു പുതുച്ചേരിയിൽ റാലി നടത്താനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ നീക്കത്തിനു തിരിച്ചടി. ഡിസംബർ അഞ്ചിന് പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ അനുമതി തേടിയുള്ള ടിവികെ നൽകിയ അപേക്ഷ പുതുച്ചേരി പൊലീസ് മേധാവി തള്ളി.
പുതുച്ചേരിയിൽ റാലി സംഘടിപ്പിച്ചാൽ വില്ലുപുരം, കടലൂർ, തിരുവണ്ണാമല എന്നിവിടങ്ങളിൽ നിന്നു ആളുകളെത്താൻ സാധ്യതയുണ്ടെന്നും അതു തിക്കിനും തിരക്കിനും കാരണമായേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് പൊലീസ് അനുമതി നിഷേധിച്ചത്. സെപ്റ്റംബർ 27നു കരൂരിലെ പൊതുയോഗത്തിൽ തിക്കും തിരക്കമുണ്ടായി 41 പേർ മരിച്ച ശേഷം വിജയ് ബഹുജന റാലികൾ നടത്തിയിട്ടില്ല.
കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടിവികെ റാലിക്ക് അനുമതി നൽകരുതെന്നു കാണിച്ച് പെരിയാർ ദ്രാവിഡ കഴകം എന്ന സംഘടന പൊലീസിനെ സമീപിച്ചു. റാലികൾക്കു അനുമതി തേടി ടിവികെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു സംഘടന ചൂണ്ടിക്കാണിച്ചിരുന്നു.




