BlogNews

ചൈന ഇറാനിലേക്ക് ആയുധങ്ങൾ അയക്കുന്നു; മുന്നറിയിപ്പുമായി ട്രംപ്; പ്രത്യാഘാതം വലുതായിരിക്കുമെന്ന് താക്കീത്; വെടിനിർത്തൽ കാലയളവിൽ ആയുധശേഖരണം നടത്താൻ നീക്കം

വാഷിങ്ടണ്‍: വെടിനിര്‍ത്തല്‍ കാലവധിയില്‍ ഇറാനിലേക്ക് ചൈന ആയുധങ്ങള്‍ അയച്ചേക്കുമെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയ്ക്ക് താക്കീത് നല്‍കിക്കൊണ്ടാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രതികരണം. ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിലയുണ്ടായാല്‍ ചൈന വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഇറാനിലേക്ക് ആയുധങ്ങള്‍ കയറ്റുമതിചെയ്യാന്‍ ചൈന തയ്യാറെടുക്കുന്നതായുള്ള യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ സി എന്‍എന്‍ ആണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. ഏതാനും ആഴ്ചകള്‍ക്കകം പുതിയ സംവിധാനങ്ങള്‍ കൈമാറാന്‍ ചൈന തയ്യാറെടുക്കുകയാണെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഷോള്‍ഡര്‍-ഫയേഡ് എയര്‍ മിസൈല്‍ സംവിധാനങ്ങളടക്കമാണ് ചൈന കൈമാറാനിരിക്കുന്നത്. താഴ്ന്ന് പറക്കുന്ന വിമാനങ്ങളെ ആക്രമിക്കാന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം. യുഎസുമായുള്ള താത്കാലിക വെടിനിര്‍ത്തല്‍ സമയം ആയുധ ശേഷി കൂട്ടാന്‍ ഇറാന്‍ ഉപയോഗിക്കുന്നു എന്നതാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വെടിനിര്‍ത്തല്‍ കരാറിന് ചൈന മധ്യസ്ഥതവഹിച്ചെന്ന അവകാശവാദങ്ങള്‍ക്കിടയിലാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

എന്നാല്‍, യുഎസിലെ ചൈനീസ് എംബസി ഈ റിപ്പോര്‍ട്ട് തള്ളിയിരുന്നു. ചൈന ആര്‍ക്കും ആയുധങ്ങള്‍ നല്‍കിയിട്ടില്ലെന്ന് യുഎസിലെ ചൈനീസ് എംബസിയുടെ വക്താവ് പ്രതികരിച്ചു. അന്താരാഷ്ട്ര കടമകള്‍ നിറവേറ്റിക്കൊണ്ടാണ് ചൈന പ്രവര്‍ത്തിക്കുന്നത്. തെറ്റായ ആരോപണങ്ങളും ദുരുദ്ദേശപരമായ ബന്ധങ്ങളും പ്രകോപനപരമായ പ്രചാരണങ്ങളും ഒഴിവാക്കണമെന്നും ചൈനീസ് വക്താവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button