InternationalNews

പശ്ചിമേഷ്യന്‍ സംഘര്‍ഷം; യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട് ഇറാന്‍, പ്രതികരിച്ച് ട്രംപ്

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ അമേരിക്ക 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്ക മറ്റൊരു രാജ്യം വഴി ഇറാനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ യുഎസ് സേന നേരിടുന്ന വെല്ലുവിളികള്‍ വര്‍ധിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.

അതേസമയം അമേരിക്കന്‍ യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്. യുഎസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിള്‍ യുദ്ധവിമാനമാണ് ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്നത്. യുദ്ധവിമാനത്തിലെ രണ്ട് വൈമാനികരില്‍ ഒരാളെ യുഎസ് സ്പെഷ്യല്‍ ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ഇസ്രയേല്‍ മാധ്യമങ്ങളെയും സിബിഎസ് ന്യൂസിനെയും ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍

മൂന്ന് യുഎസ് എഫ്-15 വിമാനങ്ങള്‍ തകര്‍ന്നതായാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വൈറ്റ് ഹൗസോ പെന്റഗണോ ഇതുവരെ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. ഇറാന്‍-ഇസ്രയേല്‍-യുഎസ് യുദ്ധത്തിനിടയില്‍ ഇറാന്റെ മണ്ണില്‍ ഒരു അമേരിക്കന്‍ വിമാനം തകരുന്നത് ഇതാദ്യമായാണ്. വിമാനം വെടിവെച്ചിട്ടതാണെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാന്റെ ആക്രമണത്തിലാണോ അതോ സാങ്കേതിക തകരാര്‍ മൂലമാണോ വിമാനങ്ങള്‍ തകര്‍ന്നു വീണതെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.

എന്നാല്‍ ഇറാന്റെ ആക്രമണം നയതന്ത്ര ചര്‍ച്ചകളെ ബാധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി എന്‍ബിസി ന്യൂസിന്റെ റിപ്പോര്‍ട്ട് ചെയ്തു. ‘യുദ്ധവിമാനം തകര്‍ത്തത് ചര്‍ച്ചകളെ ബാധിക്കില്ല. ഇത് യുദ്ധമാണ്. ഞങ്ങള്‍ യുദ്ധത്തിലാണ്. യുദ്ധ നടപടികളും നയതന്ത്ര സംരംഭങ്ങളും ഒരേസമയം പുരോഗമിക്കുന്നതിനിടെ ട്രംപ് പറഞ്ഞു. അമേരിക്കന്‍ വിമാനം തകര്‍ന്നതിന് പിന്നാലെയുള്ള ട്രംപിന്റെ ആദ്യ പ്രതികരണമാണിത്. എന്നാല്‍ കൂടുതല്‍ യുഎസ് വിമാനങ്ങള്‍ ആക്രമിച്ചതായാണ് ഇറാന്‍ സൈന്യത്തിന്റെ അവകാശവാദം. ഹോര്‍മുസ് കടലിടുക്കിന് സമീപം മറ്റൊരു അമേരിക്കന്‍ എ-10 വിമാനം വെടിവച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടതായി തസ്‌നിം വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button