അഞ്ച് ബില്യൺ ഡോളർ വരെ നഷ്ടപരിഹാരം വേണം ; ബിബിസിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ട്രംപ്

അഞ്ച് ബില്യൺ ഡോളർ വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിബിസിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ പ്രസംഗത്തിലെ ഒരു ഭാഗം തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിൽ എഡിറ്റ് ചെയ്തതിന് യുകെ ബ്രോഡ്കാസ്റ്ററായ ബിബിസി മാപ്പ് പറഞ്ഞെങ്കിലും സാമ്പത്തിക നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് ട്രംപിന്‍റെ നിര്‍ണായക നീക്കം. ബിബിസി തന്‍റെ അപകീർത്തി ആരോപണം തള്ളിക്കളഞ്ഞെങ്കിലും, തർക്കത്തിൽ നിന്ന് പിന്നോട്ട് പോകാൻ ട്രംപ് തയാറല്ലെന്നാണ് സൂചന. വിഷയത്തിൽ ബിബിസി ഉദ്യോഗസ്ഥർ പലരും സ്ഥാനമൊഴിഞ്ഞിട്ടും, ഈ സംഭവം ലണ്ടനുമായുള്ള ബന്ധം സങ്കീർണ്ണമാക്കുമോ എന്ന ആശങ്ക വർദ്ധിക്കുന്നതിനിടയിലും തർക്കം തുടരുകയാണ്.
ഞങ്ങൾ ഒരു ബില്യൺ മുതൽ അഞ്ച് ബില്യൺ ഡോളർ വരെ ആവശ്യപ്പെട്ട് അവർക്കെതിരെ കേസ് കൊടുക്കും, അടുത്ത ആഴ്ചയോടെ അത് ഉണ്ടാകും. എനിക്കിത് ചെയ്യേണ്ടിവരുമെന്ന് ഞാൻ കരുതുന്നു. അവർ പറ്റിച്ചതായി സമ്മതിക്കുക പോലും ചെയ്തിരിക്കുന്നു,” എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. ട്രംപ് ആവശ്യപ്പെടുന്ന തുക ബിബിസിയുടെ വാർഷിക വരുമാനത്തിന്‍റെ ഏകദേശം 13 ശതമാനത്തോളം വരും. ബിബിസിയുടെ വരുമാനം പ്രധാനമായും ബ്രിട്ടീഷ് പൊതുജനങ്ങളിൽ നിന്ന് പിരിക്കുന്ന ലൈസൻസ് ഫീസ് വഴിയാണ് ലഭിക്കുന്നത്.
ബിബിസിയുടെ മാപ്പ്
തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത പ്രസംഗം ഉൾപ്പെടുത്തിയതിന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് ബിബിസി മാപ്പ് പറഞ്ഞിരുന്നു. എന്നാൽ, അപകീർത്തിക്കേസിന് അടിസ്ഥാനമില്ലെന്ന് പറഞ്ഞ് ട്രംപിന്‍റെ നഷ്ടപരിഹാര ആവശ്യം ബിബിസി തള്ളി. ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്തതിന്‍റെ പേരിൽ കോർപ്പറേഷൻ ചെയർമാൻ സമീർ ഷാ വൈറ്റ് ഹൗസിലേക്ക് ഒരു വ്യക്തിഗത കത്തയച്ചു എന്നും മാപ്പ് ചോദിച്ചു എന്നും ബിബിസി പ്രസ്താവനയിൽ അറിയിച്ചു.
“ഞങ്ങൾ പ്രസംഗത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ കാണിക്കുന്നതിനു പകരം, പ്രസംഗത്തിന്‍റെ ഒറ്റ തുടർച്ചയായ ഭാഗമാണ് കാണിക്കുന്നത് എന്ന പ്രതീതി എഡിറ്റിംഗ് വഴഇ സൃഷ്ടിച്ചു എന്ന് ഞങ്ങൾ സമ്മതിക്കുന്നു. ഇത് പ്രസിഡന്‍റ് ട്രംപ് നേരിട്ട് അക്രമത്തിന് ആഹ്വാനം ചെയ്തു എന്ന തെറ്റായ ധാരണ നൽകി,” ബിബിസി തങ്ങളുടെ തിരുത്തൽ പ്രസ്താവനയിൽ പറഞ്ഞു. ഡോക്യുമെന്‍ററി ഒരു പ്ലാറ്റ്‌ഫോമിലും വീണ്ടും സംപ്രേക്ഷണം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്നും ബിബിസി കൂട്ടിച്ചേർത്തു. വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്ത രീതിയിൽ ബിബിസിക്ക് ആത്മാർത്ഥമായി ഖേദമുണ്ടെങ്കിലും, അപകീർത്തി കേസിന് അടിസ്ഥാനമുണ്ടെന്ന വാദത്തോട് ഞങ്ങൾ ശക്തമായി വിയോജിക്കുന്നു എന്നും കോർപ്പറേഷൻ വ്യക്തമാക്കി.



