Kerala

കഠിനകുളം കൊലപാതകം; പ്രതിയായ ജോണ്‍സണിന്‍റെ ആരോഗ്യനില തൃപ്തികരം

കഠിനംകുളത്ത് ആതിരയെ കുത്തികൊന്ന കേസിലെ പ്രതിയായ ജോണ്‍സണിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ്. പ്രതി എലി വിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആശുപത്രിയിലെ പരിശോധനയിലും ജോണ്‍സണ്‍ നൽകിയ മൊഴിയിലുമാണ് എലി വിഷമാണ് കഴിച്ചതെന്ന് വ്യക്തമായത്. പ്രതിയെ കോട്ടയത്ത് നിന്ന് പൊലീസ് പിടികൂടിയപ്പോഴാണ് വിഷം കലര്‍ന്ന വസ്തു കഴിച്ചെന്ന് പറഞ്ഞത്. തുടര്‍ന്ന് കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ ആതിരയുമായി സൗഹൃദത്തിലായ ജോണ്‍സൻ ഇവരിൽ നിന്ന് പണവും തട്ടിയെടുത്തിരുന്നു. ആതിരയെ വിളിച്ചിട്ട് കൂടെ വരാത്തത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് ജോണ്‍സണ്‍ പൊലീസിന് നൽകിയ മൊഴി.

ആതിര കൊല്ലപ്പെട്ട് മൂന്നാം ദിവസമാണ് സുഹൃത്തായ ജോൺസണെ പിടികൂടുന്നത്. ചിങ്ങവനത്തെ ഒരു ഹോം സ്റ്റേയിൽ നിന്നാണ് ജോൺസണെ പിടിച്ചത്. ഈ ഹോം സ്റ്റേയിൽ നേരത്തെ ജോലി ചെയ്തിരുന്ന ജോണ്‍സൻ സാധനങ്ങളെടുക്കാനാണ് ഇന്ന് എത്തിയത്. വിഷം കഴിച്ചതായി ജോണ്‍സൻ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. ഉടൻ പൊലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതിയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച രാവിലെ 10.30യോടെയാണ് ആതിരയെ വീട്ടിനുള്ളിൽ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നീണ്ടകര സ്വദേശിയായ ജോൺസൺ ഇൻസ്റ്റഗ്രാമിലൂടെയാണ് ആതിരയെ പരിചയപ്പെടുന്നത്. ആതിരയുടെ മരണശേഷം ഭർത്താവ് തന്നെയാണ് ജോൺസണുമായുള്ള അടുപ്പത്തെ കുറിച്ച് പൊലീസിനോട് പറഞ്ഞത്.

ജോണ്‍സണ്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതോടെ പൊലീസിന് സംശയം വർദ്ധിച്ചു. കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വെച്ച ശേഷമാണ് ജോണ്‍സൻ ട്രെയിൻകയറി രക്ഷപ്പെട്ടത്. കൊല ചെയ്ത ദിവസം പെരുമാതുറയിലെ ഒരു ലോഡ്ജിൽ ഇയാള്‍ താമസിച്ചിരുന്നതായും കണ്ടെത്തി. ആതിരയെ കാണാനായി എത്തുമ്പോള്‍ ഇതേ ലോഡ്ജിൽ താമസിക്കാറുണ്ടെന്നും സ്ഥിരികരിച്ചതോടെ പ്രതി ജോണ്‍സൻ തന്നെയെന്ന് ഉറപ്പിച്ചു. ജോണ്‍സനും റീൽസുകള്‍ സ്ഥിതമായി പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. അടുത്ത ബന്ധത്തിലായ ശേഷം എല്ലാ മാസവും ജോണ്‍സൻ ആതിരയെ കാണാൻ കഠിനംകുളത്ത് എത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഒരു ലക്ഷം രൂപയും, കൊല്ലപ്പെടുന്നതിന് മൂന്നൂ ദിവസം മുമ്പ് 25,000 രൂപയും ജോണ്‍സൻ ആതിരയിൽ നിന്നും വാങ്ങിയിരുന്നു. ജോണ്‍സനുമായുള്ള ബന്ധം ഭർത്താവും വീട്ടുകാരും അറിഞ്ഞതോടെ ആതിര പിൻമാറാൻ ശ്രമിച്ചിരുന്നു. സംഭവ ദിവസം രാവിലെ ആതിരയെ കാണാനെത്തിയ ജോണ്‍സന് ചായ നൽകി.

ഇതിന് ശേഷം ക്ലോറോ ഫോം കൊണ്ട് മയക്കിയ ശേഷം കുത്തിയെന്നാണ് പൊലീസിന്‍റെ സംശയം. സോഷ്യൽ മീഡിയ വഴി ഫിസിയോ തെറാപ്പിസ്റ്റെന്നായിരുന്നു ജോണ്‍സൻ പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ, കൊല്ലത്തും കൊച്ചിയുമായി ഇയാള്‍ കൂലിപ്പണി ചെയ്തിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ജോണ്‍സണുമായി പിരിഞ്ഞ ഭാര്യ വിദേശത്തേക്ക് പോയി. ഇയാള്‍ക്കെതിരെ കണ്ണമാലി സ്റ്റേഷനിൽ സ്ത്രീധന പീഡനത്തിന് പരാതിയും നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button