കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ച് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ. ജസ്റ്റിസ് എംഡി ഗോലം മോർട്ടുസ മൊസുംദർ അധ്യക്ഷനായ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ-1 ലെ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
ഈ കേസിൽ ഗൈബന്ധയിലെ ഗോബിന്ദഗഞ്ചിലെ ഷക്കീൽ അകന്ദ് ബുൾബുളിന് രണ്ട് മാസം തടവ് ശിക്ഷയും ട്രൈബ്യൂണൽ വിധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം രാജ്യം വിട്ടതിന് ശേഷം പുറത്താക്കപ്പെട്ട അവാമി ലീഗ് നേതാവിനെ ഏതെങ്കിലും കേസിൽ ശിക്ഷിക്കുന്നത് ഇതാദ്യമായാണ്. നിലവിൽ ഷെയ്ഖ് ഹസീന ന്യൂഡൽഹിയിലെ ഒരു സുരക്ഷിത ഭവനത്തിലാണ് താമസിക്കുന്നത് .