ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ സഹായികളുടെ വിവരങ്ങള്‍ നല്‍കാന്‍ സമയം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ക്കൊപ്പം എത്തുന്ന സാഹിയികളുടെ വിവരങ്ങള്‍ നല്‍കാന്‍ സമയം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 20 പേരുടെ വിവരങ്ങള്‍ നല്‍കാന്‍ ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി വിവരങ്ങള്‍ തേടിയത്.
മേല്‍ശാന്തി നിയമനം സംബന്ധിച്ച് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലായിരുന്നു ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ക്കൊപ്പം എത്തുന്ന സാഹിയികളുടെ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ചത്.മേല്‍ശാന്തിയുടെ സഹായികളുടെ മുന്‍കാല പശ്ചാത്തലവും മറ്റു വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ടോ എന്നും അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
വിശദമായ സത്യവാങ്മൂലം നല്‍കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇക്കാര്യത്തിലാണ് ദേവസ്വം ബോര്‍ഡ് സാവകാശം തേടിയിരിക്കുന്നത്. മേല്‍ശാന്തിമാര്‍ക്കൊപ്പം എത്തുന്ന സാഹിയികള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യാതൊരു പ്രതിഫലമോ സാമ്പത്തിക ആനുകൂല്യമോ നല്‍കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

