News

പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തില്‍ സ്ഥലംമാറ്റ നടപടി

തിരുവനന്തപുരം പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. ആശുപത്രിയിലെ സര്‍ജന്‍ ഡോ. ഗണേഷ് കുമാറിനെയും അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ബിനിലിനെയും കോട്ടയം ഇഎസ്‌ഐ ആശുപത്രിയിലേക്ക് സ്ഥലംമാറ്റി ഇഎസ്‌ഐ ഡയറക്ടര്‍ ഉത്തരവിറക്കി.

ഡോക്ടര്‍മാര്‍ തമ്മിലുള്ള വാക്ക് തര്‍ക്കം മൂലം കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ച് ശസ്ത്രക്രിയകള്‍ മുടങ്ങിയിരുന്നു. സംഭവത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെ ഇടപെട്ടതോടെ ആശുപത്രി സൂപ്രണ്ട് ഇഎസ്‌ഐ ഡയറക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സ്ഥലംമാറ്റം ലഭിച്ച ഡോക്ടര്‍മാര്‍ക്ക് പകരമായി പുതിയ ഡോക്ടര്‍മാര്‍ ഇന്നുതന്നെ ചുമതലയേല്‍ക്കും.

ഇന്ന് വീണ്ടും ശസ്ത്രക്രിയകള്‍ നടത്താന്‍ രോഗികളെ തയ്യാറാക്കിയിരുന്നുവെങ്കിലും, സമാന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ വീണ്ടും തര്‍ക്കം ഉണ്ടാവുകയും ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി രോഗിയെ തിയേറ്ററിലേക്ക് പ്രവേശിപ്പിച്ച ശേഷമാണ് ഡോക്ടര്‍മാര്‍ മടങ്ങിയത്. സാധാരണ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രിയിലെ ഈ സംഭവം വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button