
ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടിവേണമെന്ന് ഡിജിപി. അജിത് കുമാറിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തിങ്കളാഴ്ചയാണ് ഡിജിപി സര്‍ക്കാരിന് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ആഭ്യന്തരവകുപ്പിൻ്റെ പരിഗണനയിലാണ്. നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും ഉചിതമെന്നും ഡിജിപി ശുപാര്‍ശ ചെയ്യുന്നു
വിവിഐപിയുടെ ചട്ടവിരുദ്ധ ട്രാക്ടർ യാത്രയിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെ ട്രാക്ടർ ഓടിച്ച ഡ്രൈവറിനെതിരെയാണ് പൊലീസ് നടപടിയെടുത്തിരുന്നത്. ചട്ടം ലംഘിച്ച് യാത്ര നടത്തിയ എഡിജിപിക്കെതിരെയല്ല ട്രാക്ടർ ഓടിച്ച പൊലീസ് ഡ്രൈവർക്കെതിരെയാണ് പമ്പ പൊലീസ് കേസെടുത്തത്. ഹൈക്കോടതി നിർദേശം മറികടന്ന് ചരക്കുനീക്കത്തിന് മാത്രം ഉപയോഗിക്കുന്ന ട്രാക്ടറിൽ 12-ാം തീയതി വൈകീട്ടാണ് ആളുകളെ കയറ്റി സന്നിധാനത്തേക്ക് പോയി. 13 ആം തീയതി അതേ ട്രാക്ടറിൽ തിരികെ പമ്പയിൽ കൊണ്ടുവന്നു. അപകടം ഉണ്ടാക്കുംവിധം യാത്ര നടത്തിയതിന്‍റെ എല്ലാ ഉത്തരവാദിത്വവും ട്രാക്ടർ ഡ്രൈവർക്കാണെന്നാണ് പൊലീസിന്‍റെ ഭാഷ്യം. നിയമലംഘനത്തിന് പ്രേരിപ്പിച്ച എഡിജിപിയെകുറിച്ച് എഫ്ഐആറിൽ ഒരു പരാമർശവുമില്ലായിരുന്നു.