ശബരിമലയിലെ ട്രാക്ടര്‍ യാത്ര: എഡിജിപി അജിത് കുമാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ശബരിമലയിലെ ട്രാക്ടര്‍ യാത്രയുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ കേരള ഹൈക്കോടതി കടുത്ത വിമര്‍ശനം ഉയര്‍ത്തി. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ആംബുലന്‍സ് ഉപയോഗിക്കണമായിരുന്നു എന്ന് കോടതി പറഞ്ഞു.
സ്വാമി അയ്യപ്പന്‍ റോഡിലൂടെ ട്രാക്ടറില്‍ യാത്ര ചെയ്യുന്നത് നേരത്തെ തന്നെ ഹൈക്കോടതി നിരോധിച്ചിരുന്നു. അതിനാല്‍ നിയമവിരുദ്ധ യാത്രകള്‍ നടന്നിട്ടുണ്ടോ എന്നതില്‍ പത്തനംതിട്ട എസ്.പി.യും ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
എഡിജിപിയുടെ ട്രാക്ടര്‍ യാത്രയെക്കുറിച്ച് വിശദീകരണം തേടിയതായി സംസ്ഥാന സര്‍ക്കാര്‍ വക്കീല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരുന്ന കഴിഞ്ഞ ശനിയാഴ്ചയാണ് എഡിജിപി അജിത് കുമാര്‍ പമ്പയില്‍ എത്തിയത്. തുടര്‍ന്ന് പൊലീസ് ഉപയോഗിക്കുന്ന ട്രാക്ടറില്‍ കയറി അദ്ദേഹം സന്നിധാനത്തേക്ക് യാത്ര ചെയ്തു ദര്‍ശനം നടത്തി. തുടര്‍ന്ന് അടുത്ത ദിവസം അതേ രീതിയില്‍ മലയിറങ്ങി.
ട്രാക്ടറില്‍ തീര്‍ത്ഥാടകരെ കയറ്റുന്നത് അപകടസാധ്യതയുള്ളതാണെന്നും, അതിനാല്‍ ഇത് ഹൈക്കോടതി കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ചരക്കു നീക്കത്തിന് മാത്രമാണ് ട്രാക്ടറുകള്‍ ഉപയോഗിക്കാവൂ ഹൈക്കോടതിയുടെ ഉത്തരവ് തീര്‍ത്ഥാടനസീസണില്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി പറഞ്ഞു.