Kerala

ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് രണ്ട് വയസ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ‘ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം’ ഇന്നു രാവിലെ 9 നു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഗ്രൗണ്ടില്‍ ആരംഭിക്കും. 10നു സമ്മേളനം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.

ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ കൈമാറ്റവും കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി ‘സ്മൃതിതരംഗ’ത്തിന്റെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിക്കും. ശ്രവണ വെല്ലുവിളി നേരിടുന്നവരെ സഹായിക്കാന്‍ ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടമാണു സ്മൃതിതരംഗം.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ ഇന്നു രാവിലെ 7നു കുര്‍ബാനയും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ഥനയും നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. പൊതുസമ്മേളനത്തിനു തൊട്ടുമുന്‍പ്, ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ രാഹുല്‍ പുഷ്പാര്‍ച്ചന നടത്തും. ഡിസിസി, മണ്ഡലം, വാര്‍ഡ് തലങ്ങളിലും അനുസ്മരണ പരിപാടികള്‍ ഇന്നു സംസ്ഥാനവ്യാപകമായി നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button