തിരുമല അനിലിന്‍റെ മരണം: മരിച്ച ആളെ കുറിച്ച് ഇങ്ങനെ പറയാൻ നാണമില്ലേ ? ക്ഷുഭിതനായി രാജീവ് ചന്ദ്രശേഖർ

ബിജെപി കൗൺസിലർ തിരുമല അനിലിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മരിച്ച ആളെ കുറിച്ച് ഇങ്ങനെ പറയാൻ നാണമില്ലേ എന്ന് ചോദിച്ചായിരുന്നു രാജീവ് ചന്ദ്രശേഖർ കയർത്തത്. സത്യം എന്താണെന്ന് വരും ദിവസങ്ങളിൽ പുറത്തുവരും. സിപിഐഎമ്മിന്റെ തന്ത്രമാണിത്. അനിലിന് നീതി ലഭ്യമാക്കും. അനിലിനെ പ്രതിസന്ധി സമയത്ത് ബിജെപി സംരക്ഷിച്ചില്ലെന്ന് ആര് പറഞ്ഞുവെന്നും വേണ്ടാത്ത കാര്യങ്ങൾ പറയരുതെന്നും ഇല്ലാത്ത കാര്യങ്ങളെ ഉണ്ടാക്കി പറയരുതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
‘നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങൾ ഏതു ചാനലാ? മതി, അവിടെ ഇരുന്നാമതി, നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്, നിങ്ങൾ ചോദിക്കരുത്, ഞാൻ മറുപടി തരില്ല’ എന്നെല്ലാം രാജീവ് ചന്ദ്രശേഖർ ക്ഷോഭിച്ച് പറയുന്നുണ്ട്.
ക്രിമിനൽ വിഷയമാണിത്. സിപിഐഎമ്മിനെ സംരക്ഷിക്കാൻ മാധ്യമങ്ങൾ നോക്കരുത്. അനിലിന്‍റെ മരണവുമായിബന്ധപ്പെട്ട് കള്ളമാണ് പറഞ്ഞുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഗൗരവമായാണ് തങ്ങൾ കാണുന്നത്. അനിലിനെ പൊലീസ് ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.




