
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം കവടിയാറിലെ വീട്ടില്‍ നിന്ന് ദര്‍ബാര്‍ ഹാളിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഐഎം നേതാക്കളും വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു. പ്രിയ സഖാവിനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് തിരുവനന്തപുരം ദർബാർ ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രിമാര്‍, സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മറ്റു രാഷ്ട്രീയ നേതാക്കള്‍, മത-സാമുദായിക- സാമൂഹ്യ-സാംസ്‌കാരിക പ്രമുഖര്‍, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേരാണ് വിഎസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി ദര്‍ബാര്‍ ഹാളില്‍ എത്തിയത്. തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ വിലാപയാത്രയായി വിഎസിന്റെ ജന്മദേശമായ ആലപ്പുഴ പുമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
ബുധനാഴ്ച സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ വിഎസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും സമരനായകനെ ഒരുനോക്കു കാണാനായി വിഎസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടില്‍ മൃതദേഹം സംസ്‌കരിക്കും. തലസ്ഥാന നഗരിയില്‍ നിന്നുള്ള വിലാപയാത്ര തിരുവനന്തപുരത്ത് 27 ഇടത്ത് ജനങ്ങള്‍ക്ക് ാെരു നോക്കു കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി നിര്‍ത്തുന്നതാണ്. പൊതു ദര്‍ശനവും വിലാപയാത്രയും കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.