Kerala

ഒപ്പമിരുന്ന് അത്താഴം കഴിച്ചവരാണ് യേശുവിനെ ഒറ്റിയത്; ഈസ്റ്റര്‍ ദിന സന്ദേശവുമായി പിപി ദിവ്യ

കണ്ണൂര്‍: ഈസ്റ്റര്‍ ആശംസ പങ്കുവെച്ചുള്ള വീഡിയോയില്‍ തന്റെ നിരപരാധിത്വം പരോക്ഷമായി സൂചിപ്പിച്ച് പി പി ദിവ്യ. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ താന്‍ നിരപരാധിയെന്നും ഒരിക്കല്‍ സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നുമാണ് ഇതിലൂടെ ദിവ്യ പരോക്ഷമായി സൂചിപ്പിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

ഈസ്റ്റര്‍ നമ്മെ ഓര്‍മിപ്പിക്കുന്ന ലളിതമായ സത്യം തിന്മയുടെ മേല്‍ അവസാനത്തെ ജയം നന്മയ്ക്കായിരിക്കും എന്നാണ്. നിസ്വാര്‍ത്ഥരായ മനുഷ്യര്‍ക്ക് വേണ്ടി ചോദ്യമുയര്‍ത്തിയതിനാണ് യേശുവിന് കുരിശുമരണം വിധിക്കപ്പെട്ടതെന്നും പി പി ദിവ്യ പറയുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് ഉറക്കെ പറഞ്ഞ മനുഷ്യ സ്‌നേഹിയായിരുന്നു യേശു. എന്നിട്ടും തെറ്റായ ആരോപണം ഉന്നയിച്ച് ക്രൂശിച്ചുകൊന്നു. ഒപ്പമിരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റിക്കൊടുത്തത്. ഒപ്പം നടന്നവരായിരുന്നു കല്ലെറിഞ്ഞത്.എത്ര സത്യസന്ധമായി ജീവിച്ചാലും ആള്‍ക്കൂട്ടം കാര്യമറിയാതെ കല്ലെറിയും എന്നും ദിവ്യ വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.

തന്നെ ചതിച്ചുവെന്ന പരോക്ഷ പ്രതികരണമാണ് ദിവ്യ വീഡിയോയിലൂടെ ഉദ്ദേശിച്ചതെന്നാണ് വിലയിരുത്തല്‍. ഇരയുടെ വേദന തിരിച്ചറിയാത്തിടത്തോളം കാലം സമൂഹത്തിന്റെ മനസ്സ് എന്നും വേട്ടക്കാരന്റേത് തന്നെയാണ്. പതനം ഉണ്ടാകുമ്പോള്‍ കൂടെ ആരൊക്കെ ഉണ്ടാകും എന്ന തിരിച്ചറിവും പാഠമാകും. വേട്ടയാടപ്പെട്ടവരുടെ ആത്യന്തിക സത്യത്തിന്റെ ദിനം വരികതന്നെ ചെയ്യുമെന്നും വെള്ളിയാഴ്ച സത്യത്തെ ക്രൂശിച്ചാല്‍ ഞായറാഴ്ച ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും പി പി ദിവ്യ സൂചന നല്‍കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button